Perinthalmanna Radio
Date: 21-05-2024
മലപ്പുറം: ജില്ലയില്‍ റേഷൻ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം താളം തെറ്റുന്നു. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതോടെ ആവശ്യത്തിന് മണ്ണെണ്ണ ലഭിക്കാത്തത് പ്രതിസന്ധിക്ക് കാരണം.
ഇതോടെ ജില്ലയിലെ 1102 റേഷൻ കടകളില്‍ ആവശ്യത്തിന് മണ്ണെണ്ണ എത്തുന്നില്ല. യഥാസമയം, മണ്ണെണ്ണ ലഭിക്കാതെ വരുന്നതോടെ കാർഡുടമകള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു. ജില്ലയില്‍ ഏഴ് താലൂക്കുകളിലെ റേഷൻ കടകളില്‍ വിതരണത്തിനായി 2,66,292 ലിറ്റർ മണ്ണെണ്ണ ആവശ്യമാണ്. എന്നാല്‍ 96,000 ലിറ്റർ മണ്ണെണ്ണയാണ് ഇതുവരെ റേഷൻ കടകളില്‍ എത്തിയത്.
പിങ്ക് കാർഡുടമകള്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ അര ലിറ്ററും മഞ്ഞ കാർഡുകാർക്ക് ഒരു ലിറ്ററും വീട് വൈദ്യുതീകരിക്കാത്ത കാർഡുകാർക്ക് ആറ് ലിറ്ററുമാണ് വിഹിതം. ഏറ്റവും കൂടുതല്‍ റേഷൻ കടകളുള്ള തിരൂർ താലൂക്കില്‍ 24,000 ലിറ്റർ മണ്ണെണ്ണയാണ് ലഭിച്ചത്. തിരൂർ ഒഴികെയുള്ള താലൂക്കുകളിലേക്ക് 12,000 ലിറ്റർ മണ്ണെണ്ണയും എത്തി. തിരൂർ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മണ്ണെണ്ണ വിതരണം ചെയ്യേണ്ടത്.
225 റേഷൻ കടകളുള്ള നിലമ്ബൂർ താലൂക്കില്‍ വിതരണത്തിനായി 49,499 ലിറ്റർ മണ്ണെണ്ണ ആവശ്യമാണ്. എന്നാല്‍ എത്തിയതാകട്ടെ 12,000 ലിറ്റർ മാത്രവും. ആറ് ലിറ്റർ വാങ്ങുന്ന 538 കാർഡുടമകളും ഒരു ലിറ്റർ ലഭിക്കുന്ന 10,784 കാർഡുടമകളും അര ലിറ്റർ വീതം ലഭിക്കുന്ന 70,974 ഗുണഭോക്താക്കളും താലൂക്കില്‍ ഉണ്ട്. തിരൂരില്‍ 94,287 കാർഡുടമകള്‍ അരലിറ്റർ വാങ്ങുന്നവരാണ്. പതിനായിരത്തിന് മുകളില്‍ ഒരു ലിറ്റർ വാങ്ങുന്നവരും ഉണ്ട്. ഇവർക്ക് വിതരണം ചെയ്യാനുള്ള പകുതി മണ്ണെണ്ണ പോലും റേഷൻ കടകളില്‍ ഇല്ല. 177 റേഷൻ കടകളുള്ള ഏറനാട്ടില്‍ വിതരണം ചെയ്യാൻ 38,854 ലിറ്ററാണ് വേണ്ടത്. വീട് വൈദ്യുതീകരിക്കാത്ത 429 കാർഡുടമകളാണ് ഏറനാട് താലൂക്കില്‍ ഉള്ളത്. ഇവർക്ക് 50 ശതമാനം മണ്ണെണ്ണ പോലും നല്‍കാനാവില്ല. കൊണ്ടോട്ടി താലൂക്കില്‍ 121 റേഷൻ കടകളിലേക്ക് 24,339 ലിറ്റർ മണ്ണെണ്ണ വേണം.
പെരിന്തല്‍മണ്ണ താലൂക്കില്‍ 34,669 ലിറ്ററും വേണം. ഇവിടെ 171 റേഷൻ കടകളും ഉണ്ട്. പൊന്നാനിയില്‍ 127, തിരൂരങ്ങാടിയില്‍ 152 ഉം കടകള്‍ ഉണ്ട്. രണ്ടിടങ്ങളിലായി 61,665 ലിറ്റർ മണ്ണെണ്ണ വേണം. ഇവിടെ എത്തിയത് 24,000 ലിറ്ററാണ്. മണ്ണെണ്ണയുടെ വിഹിതം കുറഞ്ഞതോടെ കാർഡുടമകള്‍ക്ക് അർഹതപ്പെട്ട വിഹിതം പൂർണമായി നല്‍കാൻ കഴിയാത്ത സ്ഥിതിയാണ്. മുൻകാലങ്ങളില്‍ എല്ലാവിഭാഗം കാർഡുടമകള്‍ക്കും മാസത്തിലൊരിക്കല്‍ മണ്ണെണ്ണ ലഭിച്ചിരുന്നു. കേന്ദ്രം വിഹിതം പലഘട്ടങ്ങളിലായി കുറച്ചതോടെ വിതരണം മൂന്ന് മാസത്തിലൊരിക്കലാക്കി. മുൻഗണനാ വിഭാഗക്കാർക്കും വൈദ്യുതി ഇല്ലാത്തവർക്കും മാത്രമാണ് ഇപ്പോള്‍ മണ്ണെണ്ണ നല്‍കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ