
Perinthalmanna Radio
Date: 21-08-2025
അങ്ങാടിപ്പുറം: നിലമ്പൂർ – നഞ്ചൻകോട് പുതിയ റെയില്‍പാതയുടെ അന്തിമ ലൊക്കേഷൻ സർവേയ്ക്ക് അംഗീകാരം നല്‍കിയതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ലോക്‌സഭ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലമ്ബൂർ നഞ്ചൻകോട് പുതിയ പാതയുടെ സർവേ 2007-08ല്‍ നടത്തിയെങ്കിലും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനായില്ല. പൊതുജനങ്ങളുടെ ആവശ്യപ്രകാരം വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിനായി 2023ല്‍ നിലമ്ബൂർ നഞ്ചൻകോട് പുതിയ പാതയുടെ (236 കിലോമീറ്റർ) അന്തിമ സ്ഥല സർവേ (എഫ്.എല്‍.എസ്) നടത്തിയിരുന്നു.
തലശ്ശേരി – മൈസൂർ പുതിയ പാതയുടെ സർവേ 2008-09ല്‍ നടത്തിയെങ്കിലും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനായിരുന്നില്ല. 2018ല്‍ വീണ്ടും ഒരു സർവേ നടത്താൻ ശ്രമിച്ചെങ്കിലും അലൈൻമെന്റ് കടന്നുപോവുന്ന പ്രദേശവാസികളുടെ പ്രതിഷേധം കാരണം മുന്നോട്ടുപോയില്ല. ഈ അലൈൻമെന്റ് വനത്തിലൂടെയും പരിസ്ഥിതി ദുർബല മേഖലകളിലൂടെയും കടന്നുപോകുന്നുണ്ട്. ഇതോടെയാണ് കർണാടക ഭാഗത്തെ നിലമ്ബൂർ – നഞ്ചൻകോട് പാതയുമായി സംയോജിപ്പിച്ച് പുതിയ അലൈൻമെന്റിനുള്ള സാദ്ധ്യത ഏറ്റെടുത്തത്. വിശദമായ പദ്ധതി റിപ്പോർട്ട് സ്ഥിരീകരിച്ചശേഷം, പദ്ധതിക്ക് അനുമതി നല്‍കേണ്ടതുണ്ടെന്നും മറുപടിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു.
വിശദമായ പദ്ധതി റിപ്പോർട്ട് പൂർത്തിയായ ശേഷം സംസ്ഥാന സർക്കാരുകള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടവരുമായി ആലോചിച്ച് നീതി ആയോഗിന്റെയും ധനകാര്യ മന്ത്രാലയത്തിന്റെയും പരിഗണനയ്ക്ക് ശേഷം അന്തിമ അംഗീകാരം നേടുകയും വേണം. പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് തുടർച്ചയായ പ്രക്രിയയായതിനാല്‍, കൃത്യമായ സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും വേഗത വർദ്ധിപ്പിക്കുന്നതിനായി ഷൊർണൂർ നിലമ്ബൂർ വിഭാഗത്തില്‍ റെയില്‍വേ ട്രാക്കുകളില്‍ നടത്തിയ നവീകരണത്തിന്റെ ഫലമായി 2024-25 കാലയളവില്‍ ഷൊർണൂർ നിലമ്ബൂർ റീച്ചിന്റെ കൈവരിക്കാവുന്ന പരമാവധി വേഗത മണിക്കൂറില്‍ 75 കിലോമീറ്ററെന്നത് 85 കിലോമീറ്ററായി വർദ്ധിപ്പിച്ചതായി മന്ത്രി മറുപടിയില്‍ അറിയിച്ചു. നിലമ്ബൂർ ഷൊർണൂർ സെക്ടറിലെ യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി, നിലമ്ബൂർ റോഡിനും ഷൊർണൂരിനും ഇടയില്‍നിലമ്ബൂർ റോഡ് ഷൊർണൂർ മെമു എന്ന പുതിയ ട്രെയിൻ അനുവദിച്ചതായും ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
—————————————-
