പുലാമന്തോൾ- മേലാറ്റൂർ റോഡ് നിർമാണം; ഒടുവിൽ കരാർ കമ്പനിയെ ഒഴിവാക്കി ഉത്തരവ്

Share to

Perinthalmanna Radio
Date: 21-09-2024

പെരിന്തൽമണ്ണ : ഒന്നരവർഷം കാലാവധി നിശ്ചയിച്ച് തുടങ്ങിയ പുലാമന്തോൾ -മേലാറ്റൂർ റോഡ് നിർമാണം നാലുവർഷമാകുമ്പോളും പകുതിമാത്രം പൂർത്തിയാക്കിയ കരാർ കമ്പനിയെ നീക്കി. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയുടെ ഭാഗമായ 30.88 കിലോമീറ്റർ നവീകരണം കരാറെടുത്ത ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി. കൺസ്ട്രക്‌ഷൻസ് ലിമിറ്റഡ് കമ്പനിയെയാണ് നീക്കിയത്. നിർമാണച്ചുമതല വഹിക്കുന്ന കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി.) ഡയറക്ടറാണ് കമ്പനിയെ നീക്കിക്കൊണ്ട് വെള്ളിയാഴ്ച ഉത്തരവിറക്കിയത്. കരാർ പ്രകാരമുള്ള നിബന്ധനകൾ സമയം അനുവദിച്ചിട്ടും പാലിച്ചില്ലെന്ന കാരണത്താലാണ് കമ്പനിയെ ഒഴിവാക്കിയത്. ബാക്കിയുള്ള പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി പുതിയതായി ടെൻഡർ നൽകി പ്രവൃത്തി പൂർത്തിയാക്കും. ഇതിന് മാസങ്ങൾ ഇനിയും താമസമുണ്ടാകും.

റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ 2020 സെപ്തംബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പിന്നെയും ആറുമാസത്തോളം പിന്നിട്ടശേഷമാണ് നിർമാണം തുടങ്ങിയത്. 144 കോടി രൂപ അടങ്കൽവരുന്ന പ്രവൃത്തിയിൽ റോഡ് വീതികൂട്ടി നവീകരണവും ഓട, പാലം നിർമാണങ്ങളും ഉൾപ്പെട്ടിരുന്നു.

തുടക്കം മുതലേ റോഡ് പ്രവൃത്തി ഇഴഞ്ഞാണ് നീങ്ങിയത്. നിലവിൽ ആകെ പ്രവൃത്തിയുടെ 51 ശതമാനമേ പൂർത്തിയായിട്ടുള്ളൂ. പലയിടത്തും റോഡ് കുഴികളായും തകർന്നും കിടക്കുകയാണ്. റോഡ് പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും പ്രത്യേക യോഗങ്ങളും നടന്നിട്ടുണ്ട്. തുടക്കത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്ഥലം സന്ദർശിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നെങ്കിലും പണികൾ മുന്നോട്ട് നീങ്ങിയില്ല.

നജീബ് കാന്തപുരം എം.എൽ.എ. നാലുതവണ നിയമസഭയിൽ വിഷയം സബ്മിഷനായും ഒരുതവണ അടിയന്തര പ്രമേയമായും ഉന്നയിച്ചു. നിർമാണച്ചുമതലയുള്ള കെ.എസ്.ടി.പി. അധികൃതരും കരാർ കമ്പനി പ്രതിനിധികളുമായി പെരിന്തൽമണ്ണയിലും തിരുവനന്തപുരത്തും ഉന്നതതല യോഗങ്ങളും നടത്തി. പ്രതിഷേധം ശക്തമാകുമ്പോൾ തത്കാലത്തേക്ക് പണി തുടങ്ങുകയും വൈകാതെ അവസാനിപ്പിക്കുകയുമായിരുന്നു കരാറുകാരുടെ രീതി. മൂന്നുവർഷം പിന്നിട്ടതോടെ ഇത്തരം പ്രവൃത്തി തുടങ്ങുന്നത് നാട്ടുകാർ ഇടപെട്ട് തടയുന്ന സ്ഥിതിയുണ്ടായി.

പദയാത്ര അടക്കമുള്ള പ്രക്ഷോഭങ്ങളുമായി യു.ഡി.എഫും വ്യാപാരികളും രംഗത്തുവന്നിരുന്നു. താലൂക്ക് വികസനസമിതി യോഗത്തിലും ചർച്ചയായി. നിബന്ധനകൾ പാലിക്കാത്ത കരാർ കമ്പനിയെ ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായി ഉയർന്നു. ഇതിനായി കെ.എസ്.ടി.പി. യുടെ നേതൃത്വത്തിൽ മാസങ്ങൾക്കുമുൻപ് നടപടികൾ തുടങ്ങുകയും പലതവണ നോട്ടീസുകൾ നൽകുകയും ചെയ്തു. എന്നാൽ ഇതിനെതിരേ കമ്പനി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി. ഒടുവിൽ തിരുവനന്തപുരത്ത് കമ്പനി ഉന്നത ഉദ്യോഗസ്ഥരുമായി എം.എൽ.എ. നടത്തിയ ചർച്ചയിൽ സെപ്‌റ്റംബർ ഒന്നിന് പണി തുടങ്ങുമെന്ന് ഉറപ്പുനൽകിയെങ്കിലും നടപ്പായില്ല.

പുലാമന്തോൾ കേന്ദ്രീകരിച്ച് രൂപവത്കരിച്ച സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ 24-ന് കട്ടുപ്പാറയിൽ റോഡ് ഉപരോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 30-നകം ടാറിങ് പ്രവൃത്തി തുടങ്ങിയില്ലെങ്കിൽ കെ.എസ്.ടി.പി. ഓഫീസുകൾക്ക് മുന്നിൽ അനിശ്ചിതകാല സമരത്തിനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *