
Perinthalmanna Radio
Date: 21-12-2023
നിയമ ലംഘനം നടത്തി ഇരുചക്ര വാഹനമോടിക്കുന്നവർ റോഡ് ക്യാമറ എത്തുമ്പോൾ ഇടതു വശത്തുകൂടി പോകുന്നതിനു പകരം വലതു വശത്തേക്കു വണ്ടിയെടുത്ത് റോഡിൽ നിന്ന് ഇറക്കി കുതിക്കുന്നതായി കണ്ടെത്തൽ. ക്യാമറയുടെ കണ്ണിൽ പെടാതിരിക്കാനാണ് റോഡ് പരിധിയിൽ നിന്ന് വണ്ടി മാറ്റുന്നത്. വാഹന നമ്പറിന്റെ അവസാന അക്കം മായ്ച്ചുകളഞ്ഞും സ്റ്റിക്കർ പതിച്ചും ക്യാമറയെ പറ്റിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നമ്പർ ക്യാമറയിൽ പതിയാതിരിക്കാനാണ് തിളക്കമുള്ള സ്റ്റിക്കറുകൾ പതിക്കുന്നത്.
മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ജില്ലയിലെ റോഡ് ക്യാമറ പോയിന്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങളാണ് ഇതെല്ലാം. ഉദ്യോഗസ്ഥർ വേഷം മാറിയാണ് ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ നിരീക്ഷിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഒട്ടേറെ നിയമ ലംഘനങ്ങൾ കണ്ടെത്തി. ഹെൽമറ്റ് ധരിക്കാതെയും 3 പേരെ കയറ്റിയും എത്തിയ ബൈക്കുകൾ റോഡിൽ നിന്ന് ഇറക്കി എതിർ വശത്തുകൂടെ കുതിക്കുന്നതായി കണ്ടെത്തി.
ഹെൽമറ്റ് ധരിക്കാതെ ക്യാമറയിൽ പെട്ട് പല തവണ പിഴ ചുമത്തിയ ബൈക്ക് പിടികൂടി പരിശോധിച്ചപ്പോൾ അവസാന നമ്പർ മായ്ച്ചു കളഞ്ഞതായി കണ്ടെത്തി. മറ്റൊരു വാഹന ഉടമ നമ്പറിൽ സ്റ്റിക്കർ ഒട്ടിച്ചു മറച്ചതായും കണ്ടു പിടിച്ചു. ഇങ്ങനെ നടത്തുന്ന നിയമ ലംഘനങ്ങളാണ് നിരപരാധികളായ വാഹന ഉടമകൾക്കെതിരെ പിഴ നോട്ടിസ് മാറി അയയ്ക്കാൻ ഇടയാക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ ചില വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ക്യാമറയിൽ തെളിയാതിരിക്കാൻ പ്രത്യേകതരം ഫ്ലാഷ് ലൈറ്റുകളും തിളക്കമുള്ള സ്റ്റിക്കറുകളും സ്ഥാപിച്ചതായും കണ്ടെത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
