
Perinthalmanna Radio
Date: 22-01-2024
അങ്ങാടിപ്പുറം: നിലമ്പൂർ- ഷൊർണൂർ റെയിൽപാത വൈദ്യുതീകരണ പ്രവൃത്തികൾ ദ്രുതഗതിയിലായി. ഇതിന്റെ ഭാഗമായി വൈദ്യുതത്തൂണുകൾ സ്ഥാപിക്കുന്ന നിർമാണ പ്രവൃത്തികൾ മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ വരെ പൂർത്തിയായി. ഇതിനോടൊപ്പം ചോലക്കുളം 110 കെവി വൈദ്യുതി സബ് സ്റ്റേഷനിൽ നിന്നു ട്രാക്ഷൻ സബ് സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തിക്കാനുള്ള ഭൂഗർഭ കേബിളിനു കുഴിയെടുക്കുന്ന പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്. രണ്ടു ഭീമൻ യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഭൂമി തുരന്നു പൈപ്പിടുന്നത്.
മേലാറ്റൂർ റെയിൽവേ സ്റ്റേഷനു വടക്കു ഭാഗത്ത് പുതിയ പ്ലാറ്റ്ഫോം നീളം കൂട്ടിയതിനോട് സമീപത്താണ് ട്രാക്ഷൻ സബ് സബ്സ്റ്റേഷൻ നിർമിക്കുന്നത്. നിലമ്പൂരിൽനിന്നു ഷൊർണൂർ വരെ ഏകദേശം 67 കിലോമീറ്റർ ദൂരത്തിലാണ് പാത വൈദ്യുതീകരിക്കുന്നത്.
ഓവർ ഹെഡ് കണ്ടക്ടറുകളുടെ വയറിങ്ങും ഉടൻ ആരംഭിക്കും. റെയിൽപാത വൈദ്യുതീകരണത്തിന്റെ നിർമാണച്ചുമതല എൽ ആൻഡ് ടി കമ്പനിയും മേലാറ്റൂർ സബ് സ്റ്റേഷൻ നിർമാണം ത്രിമൂർത്തി കമ്പനിയുമാണ് ഏറ്റെടുത്തു നടത്തുന്നത്. വൈദ്യുത സ്വിച്ചിങ് സ്റ്റേഷനുകൾ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും വാടാനാംകുറുശ്ശിയിലുമാണ് ഒരുക്കുന്നത്.
ഏകദേശം 110 കോടിക്ക് മുകളിൽ ചെലവ് വരുന്ന റെയിൽപാത വൈദ്യുതീകരണം മാർച്ചോടെ പൂർത്തീകരിക്കാനാണ് പദ്ധതി. നിലവിൽ ഒരു മണിക്കൂർ മുപ്പത്തിയഞ്ച് മിനിറ്റാണ് നിലമ്പൂരിൽനിന്നു ഷൊർണൂരിലേക്കു ട്രെയിൻ ഓടിയെത്താനുള്ള സമയം. ഇലക്ട്രിക് ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ സമയം ഒരു മണിക്കൂർ പത്ത് മിനിറ്റായി കുറയും. പുറമേ മുപ്പത് ശതമാനം വരെ റെയിൽവേക്കു ചെലവും കുറയും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radi
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
