
Perinthalmanna Radio
Date: 22-02-2024
കരിപ്പൂർ ∙ ഹജ് കമ്മിറ്റി മുഖേന കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ് യാത്രയ്ക്കു കൂടുതൽ തുക ഈടാക്കുന്ന വിഷയത്തിൽ, തീർഥാടകർ നിയമനടപടിക്കൊരുങ്ങുന്നു. കുറഞ്ഞനിരക്കിൽ യാത്രാസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണു തീരുമാനം. 16,762 തീർഥാടകർക്കാണ് കേരളത്തിൽനിന്ന് ഇത്തവണ ഹജ് യാത്രയ്ക്ക് അവസരം ലഭിച്ചത്. അവരിൽ 9,742 പേരും യാത്രയ്ക്കു തിരഞ്ഞെടുത്തത് കോഴിക്കോട് വിമാനത്താവളമാണ്. ഇതിൽ ചിലരാണ് നിയമനടപടിക്കൊരുങ്ങുന്നത്.കോഴിക്കോടിനു പുറമേ, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളാണ് കേരളത്തിലെ ഹജ് പുറപ്പെടൽ കേന്ദ്രങ്ങൾ. അവിടത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 80,000 രൂപയാണ് കോഴിക്കോട് വഴി അധികമായി നൽകേണ്ടിയിരുന്നത്. പ്രതിഷേധത്തിനു പിന്നാലെ, ഏകദേശം 40,000 രൂപ കുറയ്ക്കുമെന്നു കേന്ദ്രമന്ത്രി കേരളത്തിലെ എംപിമാരുടെ സംഘത്തെ അറിയിച്ചു.
അതു കുറച്ചാൽതന്നെ, 40,000 രൂപ കൂടുതലാണ്. ഒരു കുടുംബത്തിൽനിന്ന് 5 പേർ വരെ യാത്ര ചെയ്യുന്നുണ്ട്. അവർക്ക് ഏകദേശം 2 ലക്ഷം രൂപ വരെ അധികം നൽകണം. ഈ വ്യത്യാസമാണ് തീർഥാടകർ ചൂണ്ടിക്കാട്ടുന്നത്. കോടതിയെ സമീപിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയതായി തീർഥാടകർ പറഞ്ഞു. യാത്രാനിരക്കു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര ഹജ് കമ്മിറ്റിയിൽനിന്നു വന്നിട്ടില്ലെങ്കിലും 81,800 രൂപ ആദ്യഗഡു അടയ്ക്കാനുള്ള നിർദേശമെത്തിയിരുന്നു. സമയം കഴിഞ്ഞ ദിവസം അവസാനിക്കുകയും ചെയ്തു. ഇനി രണ്ടാം ഘട്ട തുക അടയ്ക്കേണ്ട അറിയിപ്പ് ഉടനുണ്ടാകും. മൂന്നാം ഗഡു അടയ്ക്കാനുള്ള നിർദേശം ലഭിക്കുമ്പോൾ ആണ് ഓരോ വിമാനത്താവളത്തിലെയും ടിക്കറ്റ് നിരക്ക്, മക്കയിലെയും മദീനയിലെയും താമസച്ചെലവ്, നികുതികൾ തുടങ്ങിയവ ഉൾപ്പെടുന്ന ഹജ് യാത്രാനിരക്ക് രേഖാമൂലം കേന്ദ്ര ഹജ് കമ്മിറ്റി അറിയിക്കാറുള്ളത്. മുൻവർഷങ്ങളിൽ അത്തരത്തിലാണു നിർദേശം ലഭിച്ചിരുന്നതെന്നും ഇത്തവണ യാത്രാനിരക്ക് സംബന്ധിച്ച ഔദ്യോഗിക രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നും സംസ്ഥാന ഹജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസർ പി.എം.ഹമീദ് പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
