സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്കരിച്ചു

Share to

Perinthalmanna Radio
Date: 22-02-2024

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്കരിച്ചു. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസ് ലഭിക്കാൻ ഗ്രൗണ്ടിൽ ഇനി ‘H’ എടുത്താൽ മാത്രം മതിയാകില്ല. ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങൾക്കും വൈദ്യുത വാഹനങ്ങൾക്കും ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിന് കാൽപ്പാദങ്ങൾ കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ നിർബന്ധമാക്കി. പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത് പുറത്തിറക്കി. മാറ്റങ്ങൾ മേയ് ഒന്ന് മുതൽ നിലവിൽ വരും.

ഉത്തരവിലെ നിർദേശങ്ങൾ

ഗിയറുള്ള ഇരുചക്രവാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിന് കാൽപ്പാദം കൊണ്ട് ഗിയർ മാറ്റുന്ന തരത്തിലുള്ളതും 95 സി.സിയ്ക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ വാഹനങ്ങൾ ഉപയോഗിക്കണം. കൈകൾ കൊണ്ട് ഗിയർ മാറ്റുന്ന തരം ഇരുചക്ര വാഹനങ്ങൾ കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പാടില്ല.

മോട്ടോർ സൈക്കിൾ ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് വാഹനഗതാഗതമുള്ള റോഡിൽ നടത്തണം. ഗ്രൗണ്ടിൽ ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും.

ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങളുടെ കാലാവധി 15 വർഷമാക്കി നിജപ്പെടുത്തി. നിലവിൽ 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ മെയ് ഒന്നിന് മുമ്പായി ഒഴിവാക്കി പകരം വാഹനങ്ങൾ ഏർപ്പെടുത്തണം.

ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലുള്ള ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങളോ വൈദ്യുതവാഹനങ്ങളോ ഉപയോഗിക്കാൻ പാടില്ല.

ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഗ്രൗണ്ട് ടെസ്റ്റിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തണം

ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങളിൽ ടെസ്റ്റ് റെക്കോഡ് ചെയ്യാനുള്ള ഡാഷ് ബോർഡ് ക്യാമറ, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് (വി.എൽ.ടി.ഡി) എന്നിവ ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോഡ് ചെയ്ത മെമ്മറി കാർഡിലെ ഡാറ്റ എം.വി.ഐ. ഓഫീസ് കമ്പ്യൂട്ടറിലേക്ക് മാറ്റിയ ശേഷം കാർഡ് തിരികെ നൽകണം. ഡാറ്റ മൂന്ന് മാസത്തേക്ക് ഓഫീസിൽ സൂക്ഷിക്കണം.

ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ചേർന്ന് പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഇതിൽ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തേ പരാജയപ്പെട്ട അപേക്ഷകരുമാകും. പരാജയപ്പെട്ട അപേക്ഷകരുടെ എണ്ണം പത്തിൽ കുറവാണെങ്കിൽ കുറവുവരുന്ന എണ്ണം നേരത്തേ അപേക്ഷിച്ച് ടെസ്റ്റിന് ഹാജരാകാൻ കഴിയാതിരുന്നവർക്ക് മുൻഗണന പ്രകാരം നൽകാം. 30-ൽ കൂടുതൽ ടെസ്റ്റ് ഒരു ദിവസം നടത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകും.

ലേണേഴ്സ് ടെസ്റ്റിന് അനുവദിക്കാവുന്നവരുടെ എണ്ണം ഡ്രൈവിങ് ടെസ്റ്റ് അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി നിജപ്പെടുത്തണം.

ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റ് കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ട്രാക്കിൽ നടക്കുന്ന ഇടങ്ങളിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേകം ട്രാക്കിൽ പരിശോധിക്കണം.

കേന്ദ്ര-സംസ്ഥാന സർക്കാരുകളോ സംസ്ഥാന സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബോർഡുകളോ അംഗീകാരം നൽകിയിട്ടുള്ള സ്ഥാപനങ്ങൾ നടത്തുന്ന മോട്ടോർ മെക്കാനിക്ക് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർ മാത്രമേ ഡ്രൈവിങ് സ്കൂളുകളിൽ പരിശീലനം നൽകാൻ പാടുള്ളൂ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ
വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *