
Perinthalmanna Radio
Date: 22-02-2026
പെരിന്തൽമണ്ണ: നിലമ്പൂർ – ഷൊർണൂർ റെയിൽ പാതയിലെ പ്രധാന സ്റ്റേഷനായ അങ്ങാടിപ്പുറത്ത് പ്ലാറ്റ്‌ഫോമിൽ ലിഫ്റ്റ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും രണ്ടാം പ്ലാറ്റ്‌ഫോമിലേക്കുള്ള ഫുട്പാത്തിനോട് ചേർന്നാണ് ലിഫ്റ്റുകളുടെ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുവ രുന്നത്. പ്ലാറ്റ്‌ഫോമുകൾക്ക് ഇടയിലുള്ള യാത്ര സുഗമമാക്കാൻ ഇത് ഏറെ സഹായകമാകും.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് ഒട്ടേറെ പ്രവർത്തനങ്ങളാണ് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നടന്നു വരുന്നത്. പ്രായാധിക്യം ഉള്ളവർക്കും ഭിന്നശേഷിക്കാർക്കും പടികൾ കയറാൻ ബുദ്ധിമുട്ടുന്നവർക്കും ലിഫ്റ്റുകൾ ഏറെ ആശ്വാസമാകും.
ആശുപത്രി നഗരമായ പെരിന്തൽമണ്ണയിലേക്ക് ചികിത്സക്കായി പോകുന്നവർക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ വരുന്നത് വരുമാനം വർധിപ്പിക്കാനും കൂടുതൽ പേരെ ട്രെയിൻ യാത്രയിലേക്ക് ആകർഷിക്കാനും വഴിവെക്കും. നിലവിലുള്ള രണ്ട് പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ ചരക്ക് നീക്കത്തിനും മറ്റും സൗകര്യ പ്രദമായ രീതിയിൽ ഒരു പുതിയ പ്ലാറ്റ്‌ഫോം കൂടി നിർമിക്കാൻ പദ്ധതിയുണ്ട്. ഇത് എഫ്.സി.ഐ ഗോഡൗണിനോട് ചേർന്നുള്ള ഭാഗത്താണ് നിർമിക്കുക. ഒന്നാം പ്ലാറ്റ്‌ഫോമിനെ പുതിയ മൂന്നാം പ്ലാറ്റ്‌ഫോം ആയി ബന്ധിപ്പിക്കുന്നതിനായി രണ്ടാമതൊരു മേൽപ്പാലം കൂടി നിർമിക്കുന്നതിന്റെ പ്രവർത്തികളും ദ്രുതഗതിയിൽ നടന്നുവരുന്നു. ഇത് സ്റ്റേഷന്റെ ഇരു വശങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് വലിയ ഉപകാരപ്രദമാകും.
കുലുക്കല്ലൂർ – മേലാറ്റൂർ ഭാഗങ്ങളിൽ നടന്നു വരുന്ന ക്രോസിങ് സ്റ്റേഷനുകളുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്ന മുറക്ക് കൂടുതൽ ട്രെയിനുകൾ പാതയിലൂടെ സർവീസ് തുടങ്ങും. യാത്രക്കാരുടെ തിരക്കും വർധിക്കാൻ സാധ്യതയുണ്ട്. ഈ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ നിലമ്പൂർ ഷൊർണൂർ പാതയിലെ ഏറ്റവും തിരക്കേറിയതും ആധുനികവുമായ ഒരു ഗതാഗത ഹബ്ബായി അങ്ങാടിപ്പുറം മാറും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
