
Perinthalmanna Radio
Date: 22-07-2025
പെരിന്തൽമണ്ണ: കോഴിക്കോട്– പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെ ഉടനീളം കുഴികൾ. രൂക്ഷമായ ഗതാഗത ക്കുരുക്കിനൊപ്പം വാഹനങ്ങൾ കുഴികളിൽ വീണ് അപകടങ്ങളുണ്ടാവുന്നതും പതിവാണ്.
അങ്ങാടിപ്പുറത്ത് മേൽപാലം പരിസരത്ത് ആഴ്ചകളോളം റോഡ് പൂർണമായി അടച്ചിട്ട് കട്ട പതിച്ചിട്ടും കാര്യമായ പ്രയോജനം ഉണ്ടായില്ല. പൂട്ടുകട്ട പതിച്ചതിനോടു ചേർന്ന് മേൽപാലത്തിൽ വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. വിരിച്ച കട്ടയെ ബലപ്പെടുത്താൻ ഇരുവശത്തും കോൺക്രീറ്റിങ് നടത്തി ഉയർത്തിയതോടെ ഈ ഭാഗത്ത് കുഴിയിലേക്ക് ചക്രങ്ങൾ ഇറങ്ങി വാഹനങ്ങൾ സ്ഥിരമായി കുടുങ്ങുന്ന അവസ്ഥയാണ്. ഇതോടെ ഗതാഗതക്കുരുക്കിന് ആക്കം കൂട്ടാൻ പുതിയൊരു കാരണം കൂടിയായി.
പെരിന്തൽമണ്ണ ഭാഗത്ത് പ്രസന്റേഷൻ സ്കൂളിനു മുൻപായി റോഡിന്റെ മധ്യത്തിലുള്ള വലിയ കുഴി ഇതിനകം തന്നെ വാഹനങ്ങൾക്ക് കെണിയായിട്ടുണ്ട്. ചില ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കുഴിയിൽ വീണു മറിഞ്ഞ സാഹചര്യമുണ്ടായി. കോഴിക്കോട് റോഡ് ബൈപാസ് ജംക്ഷനിൽ പരാതി രൂക്ഷമാകുമ്പോൾ കുറച്ചു മണ്ണിട്ട് കുഴികൾ മൂടുന്ന സാഹചര്യമാണ്. ഇവിടെ ദേശീയപാത പാടേ തകർന്ന സ്ഥിതിയായിട്ടും അധികൃതർ ഒന്നും കാണുന്നില്ല. ജില്ലാ ആശുപത്രിക്കു മുൻവശത്തും റോഡിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. ആംബുലൻസുകൾ ഉൾപ്പെടെ കുഴിയിൽ വീണ് അപകടത്തിൽ പെടുന്ന സാഹചര്യമാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
