
Perinthalmanna Radio
Date: 22-07-2025
അങ്ങാടിപ്പുറം : 2023 ഓഗസ്റ്റ് 20-ന് ഡീസൽ കയറ്റിയ ടാങ്കർ ലോറി മറിഞ്ഞ് പരിയാപുരത്തെ എട്ടു വീടുകളിലെ കിണറുകളിൽ ഡീസൽ കലർന്ന പ്രശ്നങ്ങൾക്ക് ഇതുവരെയും പരിഹാരം കാണാത്തതിൽ ബാലാവകാശ കമ്മിഷൻ അംഗം സിസിലി ജോസഫ് അമർഷം പ്രകടിപ്പിച്ചു. മുപ്പതോളം കുട്ടികളും അന്തേവാസികളും താമസിക്കുന്ന ചാരിറ്റബിൾ ഹോമിൽ ഇതുവരെയും ശുദ്ധമായ കുടിവെള്ളം ലഭ്യമായിട്ടില്ല. ഇത് കടുത്ത ബാലാവകാശ ലംഘനമാണെന്നും ഇതു സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിക്കു സമർപ്പിക്കുമെന്നും സിസിലി ജോസഫ് പറഞ്ഞു. പരാതി ലഭിച്ചതിനെതുടർന്ന് പരിയാപുരം ഫാത്തിമ ചാരിറ്റബിൾ ബോർഡിങ് ഹോമിലെത്തിയ ബാലാവകാശ കമ്മിഷൻ അംഗം സിസിലി ജോസഫ് ഹോമിലെ സിസ്റ്റേഴ്സുമായും ജനകീയ സമിതി ഭാരവാഹികളുമായും ദുരിതമനുഭവിക്കുന്നവരുമായും ചർച്ച നടത്തി. തിരുവനന്തപുരത്ത് ചെയർപേഴ്സൺ കെ.വി. മനോജ് കുമാറിന്റെ അധ്യക്ഷതയിൽ ഉടൻ ചേരുന്ന കമ്മിഷൻ മീറ്റിങ്ങിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
പഞ്ചായത്ത് അംഗം അനിൽ പുലിപ്ര, സമിതി ഭാരവാഹികളായ സിസ്റ്റർ അനില മാത്യു, മനോജ് വീട്ടുവേലിക്കുന്നേൽ, ഏലിയാമ്മ തോമസ്, സാബു കാലായിൽ, റോയി തോയക്കുളം, മദർ സുപ്പീരിയർ സിസ്റ്റർ മെർലിൻ ജോസ്, സ്കൂൾ പിടിഎ പ്രസിഡന്റ് സാജു ജോർജ്, കെ.എ. ഫിലിപ്പോസ്, എം. ജോൺ ചാക്കോ, ലിസമ്മ സെബാസ്റ്റ്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡീസൽ കലർന്ന് ഉപയോഗ ശൂന്യമായ കോൺവെന്റ് വളപ്പിലെ കിണറും കമ്മിഷൻ അംഗം സന്ദർശിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
