
Perinthalmanna Radio
Date: 22-08-2025
പെരിന്തൽമണ്ണ ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ രാത്രികാല മെമു സർവീസ് നാളെ ആരംഭിക്കുന്ന സാഹചര്യത്തിൽ ചില ട്രെയിനുകളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തി റെയിൽവേ. 8.15ന് ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കു പുറപ്പെടുന്ന ട്രെയിൻ ഇനി 7.10ന് പുറപ്പെട്ട് 8.50ന് നിലമ്പൂരിൽ എത്തും. നിലമ്പൂരിൽ നിന്ന് 8.05നു പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി 8.15ന് പുറപ്പെട്ട് 9.45ന് ഷൊർണൂരിൽ എത്തും. പുതിയ മെമു സർവീസ് രാത്രി 8.35ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് 10.05ന് നിലമ്പൂരിൽ എത്തും.
വൈകിട്ട് 5.40ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന മെമു സർവീസാണ് 8.35ന് ഷൊർണൂരിലെത്തി നിലമ്പൂരിലേക്കു നീട്ടുന്നത്. പുലർച്ചെ 3.40നു നിലമ്പൂരിൽ നിന്നു പുറപ്പെട്ട് 4.55ന് ഷൊർണൂരിലെത്തുന്ന മെമു സർവീസ് പിന്നീടു കണ്ണൂരിലേക്കാണ് പോകുന്നത്. മെമു സർവീസിന്റെ ഫ്ലാഗ് ഓഫ് നാളെ രാത്രി 8.35ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും.
എറണാകുളം–ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടുന്നതുവഴി എറണാകുളം, തൃശൂർ മേഖലയിൽനിന്ന് നിലമ്പൂർ ഭാഗത്തേക്കുള്ള രാത്രി യാത്രക്കാർക്ക് ഇനി നേരിട്ട് നിലമ്പൂരിലെത്താം. ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലെത്തുന്ന യാത്രക്കാർക്കും ആശ്വാസമാകും. രാത്രി ഏറ്റവും കൂടുതൽ യാത്രക്കാർ നിലമ്പൂർ ഭാഗത്തേക്ക് വന്നിറങ്ങുന്നത് ഈ ട്രെയിനിലാണ്.
രാത്രി ഷൊർണൂരിൽനിന്നു പുറപ്പെടുന്ന മെമുവിന് വല്ലപ്പുഴ (8.49), കുലുക്കല്ലൂർ (8.54), ചെറുകര (9.01), അങ്ങാടിപ്പുറം (9.10), പട്ടിക്കാട് (9.17), മേലാറ്റൂർ (9.25), വാണിയമ്പലം (9.42), നിലമ്പൂർ (10.05) എന്നിവിടങ്ങളിലാണ് നിർത്തുക. പുലർച്ചെ 3.40ന് നിലമ്പൂരിൽ നിന്ന് ആരംഭിക്കുന്ന മെമു സർവീസിന് വാണിയമ്പലം (3.49), അങ്ങാടിപ്പുറം (4.24), ഷൊർണൂർ (4.55) എന്നിവിടങ്ങളിലാണ് സ്റ്റോപ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
