മേലാറ്റൂർ- പുലാമന്തോൾ റോഡ് നിർമാണ വിവാദം; വിലക്കിയ കമ്പനി വീണ്ടും പണിതുടങ്ങി

Share to

Perinthalmanna Radio
Date: 22-09-2024

പെരിന്തൽമണ്ണ:  പെരുമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയുടെ ഭാഗമായ മേലാറ്റൂർ–പുലാമന്തോൾ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട വിവാദം തീരുന്നില്ല. ഹൈദരാബാദ് ആസ്ഥാനമായ കരാർ കമ്പനിയെ ഒഴിവാക്കിയതായി കെഎസ്‌ടിപി (കേരള സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്‌ട്) ഡയറക്‌ടർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയതിന് പിന്നാലെ ഇന്നലെ റോഡിൽ നിർമാണത്തിൽ ഇതേ കമ്പനിയുടെ തൊഴിലാളികൾ സജീവമായി. തിരുനാരായണപുരം ഭാഗത്താണ് ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ റോഡ് റോളറും മറ്റുമുപയോഗിച്ച് ടാറിങ് നടത്തിയത്. കഴിഞ്ഞ കുറേ നാളായി ജോലികൾ സ്‌തംഭിച്ചു കിടക്കുകയായിരുന്നു. ഇന്നലെ റോഡിൽ നടന്ന ജോലി സംബന്ധിച്ച് കെഎസ്‌ടിപിക്കും വ്യക്തതയില്ല. ഈ കരാർ കമ്പനിയെ ഒഴിവാക്കിയിട്ടുണ്ടെന്നും എന്തുകൊണ്ടാണ് അവർ വീണ്ടും നിർമാണം തുടങ്ങിയതെന്ന് അറിയില്ലെന്നുമാണ് കെഎസ്‌ടിപി അധികൃതർ പറയുന്നത്.

എന്തായാലും ജനത്തിന്റെ യാത്രാ ദുരിതത്തിന് ഈ അടുത്ത കാലത്തൊന്നും പരിഹാരമുണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതാണ് കെഎസ്‌ടിപിയും നിർമാണ കമ്പനിയും തമ്മിലുള്ള പുതിയ പ്രശ്‌നങ്ങൾ. മുൻപ് ഒരു തവണ കരാർ കമ്പനിയെ ഒഴിവാക്കിയതാണ്. എന്നാൽ കമ്പനി ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങി. അതേ സമയം നിർമാണ ജോലി വിടാൻ തയാറല്ലെന്ന സൂചനയാണ് കമ്പനിയുടെ പുതിയ നീക്കത്തിലൂടെ വ്യക്തമാകുന്നത്.

2020 സെപ്‌റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണ ഉദ്ഘാടനം നിർവഹിച്ച റോഡ് 4 വർഷം പിന്നിട്ടിട്ടും പൂർത്തിയാക്കാനായില്ല. റോഡിന്റെ പല ഭാഗങ്ങളും ഇപ്പോഴും പാടെ തകർന്ന നിലയിലാണ്. പണി പൂർത്തിയായ ഭാഗങ്ങളിലാകട്ടെ അശാസ്‌ത്രീയമായതിനാൽ മഴ പെയ്‌താൽ വെള്ളക്കെട്ടും മറ്റ് പ്രയാസങ്ങളുമുണ്ട്. 144 കോടി രൂപ അടങ്കൽ കണക്കാക്കി 30 കിലോ മീറ്റർ റോഡ് ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കേണ്ടതായിരുന്നു. പലതവണ നിർമാണ കമ്പനിക്ക് സമയം നീട്ടി നൽകി. 14 തവണ നജീബ് കാന്തപുരം എംഎൽഎ മുൻകയ്യെടുത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും പല തവണ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്‌തു. ജോലിയുടെ 51.16 ശതമാനം മാത്രമാണ് പൂർത്തിയായത്. കെഎസ്ടിപി എൻജിനീയർമാരുടെ മേൽനോട്ടമില്ലാതെയാണ് ഇന്നലെ ടാറിങ്ങും അനുബന്ധ ജോലികളും നടത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *