
Perinthalmanna Radio
Date: 22-11-2025
മഞ്ചേരി ∙ നിപ്പയെ അതിജീവിച്ച് ആരിഫ (42) തിരികെ ജീവിതത്തിലേക്ക്. വളാഞ്ചേരി സ്വദേശിനിയായ ആരിഫയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 4 മാസത്തെ ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജൂലൈ 7നാണു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അതിനു മുൻപ് 2 മാസത്തോളം പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലായിരുന്നു. ബിപി കുറവ്, അണുബാധ, ഇടയ്ക്കിടെ ഉണ്ടാകുന്ന അപസ്മാരം തുടങ്ങിയവ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്നു. മൂക്കിലൂടെ പൈപ്പിട്ടാണു പാനീയങ്ങൾ നൽകിയത്. തിരിച്ചുവരവിനു വിദൂരസാധ്യത മാത്രമുള്ള നിലയിലായിരുന്നെന്നു ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ.ആർ.കെ.സൂരജ് പറയുന്നു.
‘ഞങ്ങൾ പ്രതീക്ഷ കൈവിട്ടില്ല. ഐസലേഷൻ വാർഡ് ഒരുക്കി. ഒരു ലക്ഷത്തോളം രൂപ വില വരുന്ന ആൽഫ ബെഡ് സജ്ജമാക്കി. ചികിത്സയ്ക്ക് 3 ലക്ഷം രൂപയോളം ആരോഗ്യവകുപ്പ് അനുവദിച്ചു. 2 തവണ ആന്റിബോഡി നൽകി. മരുന്നുകൾ പ്രതികരിച്ചതോടെ ആരോഗ്യനിലയിൽ ശുഭസൂചന കണ്ടുതുടങ്ങി. ശ്വാസകോശത്തിലെ അണുബാധ മാറി. ഓഗസ്റ്റ് 12നു മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തി ആരിഫയെ നേരിൽ കണ്ടു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, പ്രിൻസിപ്പൽ ഡോ. കെ.കെ.അനിൽരാജ് എന്നിവർ അതിജീവനത്തിന്റെ ടാസ്ക് ഏറ്റെടുത്തു. ഒരു മാസത്തിനു ശേഷം കണ്ണു തുറന്നു. അബോധാവസ്ഥ തരണം ചെയ്തു കൈകാലുകൾ അനക്കിത്തുടങ്ങി. അപ്പോഴും നിപ്പയെ തുടർന്നുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സ ലഭിക്കുകയാണെങ്കിൽ ആരോഗ്യനില മെച്ചപ്പെടുമെന്നു മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടു. അതനുസരിച്ചാണ് ഇന്നലെ കോഴിക്കോട്ടേക്ക് മാറ്റിയത്’ ഡോ.സൂരജ് പറഞ്ഞു.
നിപ്പ ഇൻഡക്സ് കേസിൽ (പ്രദേശത്ത് ആദ്യം നിപ്പ ബാധിച്ചത്) അപൂർവമാണ് ഒരാൾ രോഗത്തെ അതിജീവിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. നിപ്പയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഡോ. എം.പ്രവീൺ, ഡോ. പി.വി.ഷിജി, ഡോ.നിഖിൽ വിനോദ്, ഡോ.ഖാജാ ഹുസൈൻ, ഡോ.ഹർഷ വെള്ളൂർ, ഡോ.എം.ടി.സാദിഖലി, നഴ്സിങ് ഓഫിസർ ജോൺസി തോമസ് തുടങ്ങിയവർ ചികിത്സയ്ക്ക് നേതൃത്വം നൽകി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
