
Perinthalmanna Radio
Date: 22-12-2025
പെരിന്തൽമണ്ണ : നഗരസഭ ഭരണത്തിൽ നിന്ന് എൽഡിഎഫിനെ പടിയിറക്കി ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് അധികാരത്തിൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച 37 കൗൺസിലർമാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
നഗരസഭാ ടൗൺ ഹാളിൽ തിങ്ങിനിറഞ്ഞ പ്രവർത്തകരുടെ ആവേശാരവത്തിലായിരുന്നു കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. നഗരസഭയിലെ മുതിർന്ന അംഗം ആറാം വാർഡ് കുളിർമലയിൽ നിന്ന് വിജയിച്ച യുഡിഎഫിലെ പ്രൊഫ. നാലകത്ത് ബഷീറിന് റിട്ടേണിങ്ങ് ഓഫീസർ ജില്ലാ ഇൻഡസ്ട്രിയൽ ജനറൽ മാനേജർ എം. ഗിരീഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് ഒന്ന് മുതൽ 37 വരെയുള്ള വാർഡുകളിൽനിന്ന് വിജയിച്ച കൗൺസിലർമാർക്ക് നാലകത്ത് ബഷീർ സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് നാലകത്ത് ബഷീറിന്റെ അധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗംചേർന്നു. 26-ന് രാവിലെ 10-ന് നഗരസഭാ അധ്യക്ഷയെയും ഉച്ചയ്ക്ക് 2.30-ന് ഉപാധ്യക്ഷനെയും തിരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം കൗൺസിൽ യോഗത്തെ അറിയിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിൽ അസി. റിട്ടേണിങ്ങ് ഓഫീസർ ജില്ലാ ഇൻഡസ്ട്രിയൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ടി.പി. രഘുനാഥൻ, നഗരസഭാ സെക്രട്ടറി ജെ.ആർ. ലാൽകുമാർ, നജീബ് കാന്തപുരം എം എൽ എ, മുൻ മന്ത്രി നാലകത്ത് സൂപ്പി, കൗൺസിലർമാരുടെ കുടുംബാംഗങ്ങൾ, യുഡിഎഫ്- എൽഡിഎഫ് നേതാക്കൾ നാട്ടുകാർ എന്നിവർ സംബന്ധിച്ചു. 1995-ൽ മുതൽ സിപിഎമ്മിന്റെ ഒറ്റകക്ഷി ഭരണത്തിലായിരുന്ന നഗരസഭയിൽ ഇത്തവണ യുഡിഎഫ് 21 വാർഡിലും എൽഡിഎഫ് 16 വാർഡിലുമാണ് വിജയിച്ചത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
