
Perinthalmanna Radio
Date: 23-02-2025
മലപ്പുറം: ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നതിനായി ‘ഹെൽത്തി പ്ലേറ്റ്’ പദ്ധതിയുമായി ജില്ലാ ഭരണകൂടം. കാർബോഹൈഡ്രേറ്റിന്റെ അമിതമായ അളവ് കുറയ്ക്കുന്നതുൾപ്പെടെ നല്ല ഭക്ഷണശീലങ്ങൾ പ്രചരിപ്പിക്കുന്നതിനായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. ഭക്ഷണ നിയന്ത്രണത്തിലൂടെ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുകയാണു ലക്ഷ്യം. ജീവിതശൈലീ രോഗങ്ങൾ ചെറുക്കാൻ കലക്ടർ വി.ആർ വിനോദ് നേരത്തേ തുടങ്ങിവച്ച നെല്ലിക്ക ക്യാംപെയ്നിന്റെ തുടർച്ചയായാണ് ഹെൽത്തി പ്ലേറ്റ് പദ്ധതിയും നടപ്പാക്കുന്നത്.
മാധ്യമ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കുമായി സിവിൽ സ്‌റ്റേഷൻ കന്റീനിൽ ഹെൽത്തി പ്ലേറ്റ് ഒരുക്കിയാണ് പദ്ധതിക്കു തുടക്കമിട്ടത്. നല്ല ആരോഗ്യത്തിനായി നമ്മുടെ ഭക്ഷണശൈലിയിൽ കാര്യമായ മാറ്റം വരുത്തണമെന്നും കാർബോഹൈഡ്രേറ്റിന്റെ അമിതമായ അളവ് കുറയ്ക്കണമെന്നും കലക്ടർ വി.ആർ.വിനോദ് പറഞ്ഞു. കാലാവസ്ഥക്ക് യോജിക്കുന്ന ഭക്ഷണം ശീലിക്കണം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ആളുകൾക്കു താൽപര്യമുണ്ട്.
എന്നാൽ അതിന്റെ ലഭ്യതക്കുറവാണ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി. ഇതു മറികടക്കാൻ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹെൽത്തി ഫുഡ് മെനു കൊണ്ടുവരും. പെട്ടെന്നൊരു മാറ്റം സാധ്യമായില്ലെങ്കിലും ഇതു പതിയെ ശീലമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണശീലങ്ങൾ ആരിലും അടിച്ചേൽപിക്കാൻ പാടില്ലെന്ന നിലപാടുള്ളപ്പോഴും നല്ല ഭക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്താൻ ജില്ലാ ഭരണകൂടം മുൻകയ്യെടുക്കുമെന്നും കലക്ടർ വിശദീകരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
