തീവ്ര വോട്ടർപട്ടിക പരിഷ്കരണം; പെരിന്തൽമണ്ണയിൽ 2,28,761 വോട്ടർമാർ

Share to


Perinthalmanna Radio
Date: 23-02-2026

പെരിന്തൽമണ്ണ: തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയ പൂർത്തിയായതിനു ശേഷം പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടിക പ്രകാരം പെരിന്തൽമണ്ണ മണ്ഡലത്തിൽ 2,28,761 വോട്ടർമാർ. എസ്.എസ്.ആറിനു ശേഷം മലപ്പുറം ജില്ലയിൽ ആകെ 36,15,970 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിൽ 18,10,627 പേർ പുരുഷന്മാരും 18,05,303 സ്ത്രീകളുമാണ്. ഇതിനു പുറമേ 40 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറത്താണ്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിനേക്കാൾ 10 ലക്ഷത്തോളം വോട്ടർമാർ ജില്ലയിൽ കൂടുതലുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് തിരൂർ മണ്ഡലത്തിലാണ് (2,52,575). ഏറ്റവും കുറവ് ഏറനാട് മണ്ഡലത്തിലും (1,99,217).

*മറ്റു മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം:*

* കൊണ്ടോട്ടി (2,28,903),
* നിലമ്പൂർ (2,35,956),
*  വണ്ടൂർ (2,46,352),
*  മഞ്ചേരി (2,27,351),
*  മങ്കട (2,30,073),
*  മലപ്പുറം (2,37,728),
*  വേങ്ങര (2,10,902),
*  വള്ളിക്കുന്ന് (2,20,120),
*  തിരൂരങ്ങാടി (2,22,123),
* താനൂർ (2,12,252),
*  കോട്ടയ്ക്കൽ (2,41,567),
* തവനൂർ (2,07,037),
*  പൊന്നാനി (2,15,053).


പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ മുൻ പട്ടികയെ അപേക്ഷിച്ച് ഗണ്യമായ വർധനവാണുണ്ടായിരിക്കുന്നത്. 39,501 പ്രവാസി വോട്ടർമാരാണ് പട്ടികയിൽ ഇടം പിടിച്ചത്. കരട് പട്ടികയിൽ 8,755 പ്രവാസി വോട്ടർമാർ മാത്രമാണുണ്ടായിരുന്നത്. പ്രവാസി വോട്ടർമാർ ഏറ്റവും കൂടുതലുള്ളത് തിരൂർ (8,601) മണ്ഡലത്തിലും ഏറ്റവും കുറവ് ഏറനാട് (735) മണ്ഡലത്തിലുമാണ്.

കന്നി വോട്ടർമാരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. കരട് പട്ടികയിൽ 18നും 19നും ഇടയിൽ പ്രായമുള്ള 6,282 പേരാണുണ്ടായിരുന്നത്. ഇത് 1,07,290 പേരായി ഉയർന്നു. 85 വയസ്സിനു മുകളിൽ പ്രായമുള്ള 14,203 പേരും പട്ടികയിലുണ്ട്. വിവിധ കാരണങ്ങളാൽ 2,605 പേരെ ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പട്ടികയിൽ വോട്ടർമാർ കൂടുതലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ 2,22,086 വോട്ടർമാർ വർധിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 2,94,932 വോട്ടർമാരും അധികമായി പട്ടികയിൽ ഇടംപിടിച്ചു. അതേസമയം, തൊട്ടുമുൻപു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ 2,881 വോട്ടർമാർ കുറവാണ് പുതിയ പട്ടികയിൽ.

പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. പരമാവധി 1,200 വോട്ടർമാർ എന്ന രീതിയിൽ ക്രമീകരിച്ചപ്പോൾ 784 പുതിയ പോളിങ് സ്റ്റേഷനുകൾ പുതുതായി വന്നു. ഇതോടെ ആകെ പോളിങ് സ്റ്റേഷനുകൾ 3,682 ആയി.

*പരിശോധിക്കാം, പരാതി നൽകാം*

പുതിയ വോട്ടർപട്ടിക പരിശോധിക്കാനും പരാതി നൽകാനും വോട്ടർമാർക്ക് അവസരം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ ceo.kerala.gov.inലൂടെ വോട്ടർമാർക്ക് പട്ടിക കാണാനാകും. ഇതിനുപുറമേ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട ബി.എൽ.ഒ, വില്ലേജ് ഓഫിസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പട്ടികയുടെ പകർപ്പുകൾ ലഭിക്കും. പുതിയ പട്ടികയിൽ ആക്ഷേപമുള്ളവർക്ക് 15 ദിവസത്തിനകം പരാതി നൽകാനുള്ള അവസരവുമുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്കും ആവശ്യമെങ്കിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും വോട്ടർമാർക്ക് അപ്പീൽ നൽകാനാകും.


*ഇനിയും വോട്ട് ചേർക്കാം*

എസ്.എസ്.ആർ അവസാനിച്ചെങ്കിലും വോട്ടർപട്ടികയിൽ ഇനിയും പേര് ചേർക്കാനാകും. നോമിനേഷൻ പ്രക്രിയയ്ക്ക് തൊട്ടുമുൻപുവരെ അപേക്ഷിച്ചവർ സപ്ലിമെന്ററി ലിസ്റ്റിൽ ഇടം പിടിക്കും. അതേസമയം, ഇവർ പുതിയ എസ്.എസ്.ആറിൽ ഉണ്ടാകില്ല. 18 വയസ് പൂർത്തിയായവർക്ക് അതു പൂർത്തിയാകുന്ന മുറയ്ക്ക് എസ്.എസ്.ആറിൽ ഇടംപിടിക്കാനാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *