
Perinthalmanna Radio
Date: 23-03-2024
പെരിന്തൽമണ്ണ: ആൾമറയില്ലാത്തതും 20 അടിയിലേറെ ആഴമുള്ളതുമായ കിണറ്റിൽ പോത്ത് വീണു. അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വാഴയിൽ ഇസാഫിന്റെ കിണറ്റിലാണ് പൂപ്പലം വയങ്ങോടൻ ആഷിഫിന്റെ പോത്ത് വീണത്. ഒന്നരവയസ്സ് പ്രായവും മുന്നൂറ് കിലോയോളം തൂക്കവുമുള്ള പോത്താണ്. പെരിന്തൽമണ്ണ അഗ്നിരക്ഷാനിലയത്തിലെ സേനാംഗങ്ങളും സിവിൽ ഡിഫൻസ്, ട്രോമാകെയർ വൊളന്റിയർമാരും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഫയർ ഓഫീസർ സുജിത്ത് കിണറ്റിലിറങ്ങി നാട്ടുകാരുടെ സഹായത്തോടെ കയറും ഹോസും ഉപയോഗിച്ച് പോത്തിനെ വരുതിയിലാക്കി. തുടർന്ന് വലിച്ചുകയറ്റുകയായിരുന്നു. പെരിന്തൽമണ്ണ അഗ്നിരക്ഷാനിലയം അസി. ഓഫീസർ പി. സജുവിന്റെ നേതൃത്വത്തിൽ സേനാ ജീവനക്കാരായ രാജേഷ്, രഞ്ജിത്ത്, മനോജ്, ഷിജു, സുബ്രഹ്മണ്യൻ, ശിവദാസൻ, അനീഷ്, ട്രോമാകെയർ വൊളന്റിയർമാരായ ജിൻഷാദ് പൂപ്പലം, ഫാറൂഖ് പൂപ്പലം തുടങ്ങിയവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
