നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

Share to


Perinthalmanna Radio
Date: 23-03-2026

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. രാവിലെ 11 മണി മുതൽ മൂന്നു മണിവരെ ബന്ധപ്പെട്ട വരണാധികാരികൾ മുമ്പാകെ പത്രിക നൽകാം. നാളെയാണ് ലഭിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന. വ്യാഴാഴ്ച വരെ പത്രികകൾ പിൻവലിക്കാൻ അവസരം ഉണ്ടാകും.ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 341 സ്ഥാനാർഥികളിൽ നിന്നായി 607 നാമനിർദേശ പത്രികകൾ ലഭിച്ചു.

പ്രതിപക്ഷ നേതാവും പറവൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.ഡി സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.രാവിലെ 11. 30ന് പറവൂർ അഡീഷണൽ തഹസീൽദാർക്കാണ് പത്രിക സമർപ്പിക്കുക. കെട്ടിവെക്കാനുള്ള തുക പ്ലാച്ചിമട സമരസമിതി നൽകും.സമരസമിതി നേതാക്കളായ വിളയോടി വേണുഗോപാൽ, ശക്തിവേൽ എന്നിവർ രാവിലെ 11ന് പറവൂർ രാജീവ് ഭവനിൽ എത്തി തുക കൈമാറും.

വിവാദങ്ങൾക്കിടെ ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ചാവക്കാട് താലൂക്ക് ഓഫീസിലാണ് നാമനിർദേശ പത്രിക സമർപ്പിക്കുക.വിദ്വേഷ പരാമർശം നടത്തിയതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണനെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തിരുന്നു. കലാപ ആഹ്വാനവും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ ഇന്ന് ആരംഭിക്കും.രാവിലെ തിരുവല്ലയിൽ മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രിയുടെ ആദ്യ പൊതുയോഗം പത്തനംതിട്ട ജില്ലയിലാണ്. ഏപ്രിൽ മൂന്നു വരെയുള്ള ദിവസങ്ങളിലായി 48 കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി പ്രസംഗിക്കുന്നത്. എല്ലാ ജില്ലകളിലും പര്യടനം പൂർത്തിയാക്കി ഏപ്രിൽ മൂന്നിന് കണ്ണൂരിലാണ് മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങൾ അവസാനിക്കുന്നത്. 10 വർഷത്തെ സർക്കാരിൻറെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതിനൊപ്പം, ഉയർന്നുവരുന്ന രാഷ്ട്രീയ വിഷയങ്ങളിലും പൊതു യോഗങ്ങളിൽ മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടാകും.

അതേസമയം, വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാൻ അവസരമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.മാർച്ച് 15 വരെ അപേക്ഷ സമർപ്പിച്ചവരാകും സപ്ലിമെന്ററി വോട്ടർ പട്ടികക്ക് ഇടംനേടുക.തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷമായിരിക്കും പുതിയ അപേക്ഷകളിൽ നടപടി സ്വീകരിക്കുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *