
Perinthalmanna Radio
Date: 23-06-2025
അങ്ങാടിപ്പുറം: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലം പരിസരത്തെ കുഴികളിൽ വീണ്ടും ക്വാറി വേസ്‌റ്റ് ഇട്ട് താൽക്കാലികമായി അടച്ചു. ഇത്തവണ മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിലാണ് കുഴികൾ അടയ്‌ക്കാൻ നടപടിയെടുത്തത്. ഇതിനകം ഒട്ടേറെ തവണ സന്നദ്ധ പ്രവർത്തകരും ട്രാഫിക് പൊലീസും പഞ്ചായത്തും കുഴികൾ ക്വാറി വേസ്‌റ്റും മണ്ണും ഇട്ട് അടച്ചതാണ്. ദിവസങ്ങൾക്കകം പഴയപടിയാകുമെന്നതാണ് സ്ഥിതി. റോഡിന്റെ തകർച്ച പരിഹരിക്കാനും കുഴികൾ സ്ഥിരമായി അടയ്‌ക്കാനും കട്ട പതിക്കുന്നതിനുള്ള നടപടിക്രമങ്ങളും ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്.
ഇത് സംബന്ധിച്ച് പൊതുമരാമത്ത്, ദേശീയപാതാ അധികൃതർ, തഹസിൽദാർ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം മഞ്ഞളാംകുഴി അലി എംഎൽഎ മുൻകയ്യെടുത്ത് കഴിഞ്ഞ ദിവസം ചേർന്നിരുന്നു. റോഡിന്റെ നവീകരണത്തിന് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്‌തിരുന്നു. മേൽപാലം പരിസരത്തെ റോഡിന്റെ തകർച്ച ദേശീയപാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്.
ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് 26 ന് സ്വകാര്യ ബസുടമകളും തൊലിലാളികളും അനിശ്ചിതകാല പണിമുടക്കിന് നോട്ടിസ് നൽകിയിട്ടുണ്ട്. പണിമുടക്ക് ഒഴിവാക്കാൻ വിവിധ തലങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അങ്ങാടിപ്പുറം പഞ്ചായത്ത് അധികൃതരുടെയും പെരിന്തൽമണ്ണ നഗരസഭാ അധികൃതരുടെയും നേതൃത്വത്തിൽ ചർച്ചകൾ നടത്തിയിരുന്നു. 25ന് കലക്‌ടറുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുടെ യോഗവും മലപ്പുറത്ത് ചേരുന്നുണ്ട്. ഇതിന്റെ തുടർച്ചയായി അടുത്ത ദിവസം റോഡിൽ കട്ട പതിക്കുന്ന പ്രവൃത്തി തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ