
Perinthalmanna Radio
Date: 23-06-2025
അങ്ങാടിപ്പുറം: വലമ്പൂർ പടിഞ്ഞാറു ഭാഗത്ത് കരിമല പ്രദേശത്തിന് എതിർ വശത്തായി ഞായറാഴ്ച പുലർച്ചെ പുലിയെ കണ്ടതായി നാട്ടുകാരൻ. കേലത്താൻതൊടി മൊയ്തീനാണ് രാവിലെ അഞ്ചിന് പുലിയെ കണ്ടത്. വീട്ടിൽനിന്ന് സുബ്ഹി നിസ്‌കാരത്തിനായി പള്ളിയിലേക്ക് ഇറങ്ങുന്ന സമയത്ത് വീടിന്റെ കാർഷെഡിനോടു ചേർന്ന തൊടിയിൽനിന്ന് വലിയ ശബ്ദം കേട്ടു. വാതിൽ തുറക്കാൻ ഭയം തോന്നിയപ്പോൾ ടോർച്ചടിച്ച് ജനാലയിലൂടെ നോക്കിയപ്പോഴാണ് പുലി മുകളിലേക്കു കയറിപ്പോകുന്നതായി കണ്ടതെന്നാണ് മൊയ്തീൻ പറയുന്നത്.
പിന്നീട് മൊയ്തീൻ വീടിന്റെ ടെറസിന്റെ മുകളിൽ കയറി ടോർച്ചടിച്ച് പുലിയുടെ നീക്കം ശ്രദ്ധിച്ചെന്നും പുലി തൊട്ടടുത്ത തെങ്ങിൻതോട്ടത്തിലേക്ക് ചാടി പോകുന്നതായാണ് കണ്ടെന്നുമാണ് മൊയ്തീൻ പറഞ്ഞത്. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് കോഴിപ്പാട്ടിൽ സഈദയും പഞ്ചായത്തധികൃതരും സ്ഥലത്തെത്തി. വനംവകുപ്പിനെ അറിയിച്ചു. മൊയ്തീന്റെ വീടിനോട് ചേർന്ന് റബർ തോട്ടമുണ്ട്. റബ്ബർതോട്ടവും കാട്ടുപ്രദേശവും ധാരാളമുള്ള സ്ഥലമാണ് വലമ്പൂർ പടിഞ്ഞാറുഭാഗം. കഴിഞ്ഞയാഴ്ച പീച്ചാണിപ്പറമ്പിലും പുലിയെ കണ്ടതായി പറയുന്നു. അതിരാവിലെ ഒട്ടേറെ പേർ റബ്ബർ ടാപ്പിങ്ങിന് പോകുന്ന സ്ഥലമാണിത്. പുലിയെ കണ്ടതായി വാർത്ത പരന്നതോടെ നാട്ടുകാർ ഭയപ്പാടിലായി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ