
Perinthalmanna Radio
Date: 23-07-2025
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ സുരക്ഷാ കാരണങ്ങളാൽ വർഷങ്ങൾക്ക് മുൻപ് അടച്ചിട്ട ഇടിഞ്ഞു വീഴാറായ കെട്ടിടം പൊളിക്കൽ സാങ്കേതിക കുരുക്കിൽ.
ആശുപത്രിയിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്നായ മെഡിക്കൽ വാർഡിന്റെ കാര്യത്തിലാണ് അധികൃതർ അലംഭാവം കാട്ടുന്നത്. ഈ വാർഡിലേക്ക് രോഗികളെ പ്രവേശിപ്പിക്കുന്നത് 2022 ജൂണിൽ നിർത്തിയതാണ്. വാർഡ് പൊളിച്ചു നീക്കുന്നതിന് 4 തവണ ലേലം നടത്തി. മൂല്യനിർണയത്തിൽ നിശ്ചയിച്ച വില ലഭിക്കാത്തതിനെ തുടർന്ന് നാലാം തവണ ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ച് ലേലം ഉറപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതു പ്രകാരം ആശുപത്രി അധികൃതർ ഡിഎസ്എച്ചിന് ഈ ഫയൽ അംഗീകാരത്തിനായി കൈമാറി. എന്നാൽ വീണ്ടും പിഡബ്ലിയുഡി എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി പുനർ മൂല്യനിർണയം നടത്താനാണ് ഡിഎസ്എച്ച് നിർദേശിച്ചത്. അതേ സമയം കെട്ടിടത്തിന്റെ തൊട്ടടുത്ത് തന്നെ കുട്ടികളെ ഉൾപ്പെടെ പ്രവേശിപ്പിക്കുന്ന മറ്റൊരു വാർഡുണ്ട്. കെട്ടിടം ദുരന്തത്തിന് വഴിയൊരുക്കുമോ എന്നാണ് ആശങ്ക.
മുൻപ് കെട്ടിടത്തിന്റെ വാല്വേഷൻ നടത്തി വില ഉറപ്പിച്ചത് 2.82 ലക്ഷം രൂപയാണ്. അതേ സമയം 4 തവണ നടന്ന ലേലങ്ങളിലും ഈ തുകയ്‌ക്ക് ലേലം കൊള്ളാൻ ആരും തയാറായില്ല. ഒടുവിൽ 80000 രൂപയാണ് അവസാന ലേലത്തിന് ലഭിച്ച കൂടിയ തുക. ഇതിൽ കൂടുതൽ തുക ലഭിക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തിയും കെട്ടിടം അപകടത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയിലുമാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി ലേലം അംഗീകരിച്ച് അനുമതി നൽകിയത്.
ജില്ലയിൽ പൊളിച്ചു നീക്കാൻ തീരുമാനിച്ച 4 സർക്കാർ ആശുപത്രി കെട്ടിടങ്ങളിൽ ഇതുൾപ്പെടെ മൂന്നും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലാണുള്ളത്. പഴയ ബ്ലോക്കിലുള്ള ഓഫിസ് കെട്ടിടമാണ് ഇവിടെ പൊളിച്ചു നീക്കാനുള്ള മറ്റൊരു കെട്ടിടം. ഇതിന്റെ വാല്യുവേഷൻ നടപടികൾ പൂർത്തിയായിട്ടില്ല. ഇതും സാങ്കേതിക നൂലാമാലകളിൽ തട്ടിതടയുകയാണ്. പഴയ കാഷ്വൽടി ബ്ലോക്കാണ് പൊളിച്ചു നീക്കാനുള്ള മറ്റൊരു കെട്ടിടം. കാഷ്വൽടിയിൽ മഴ പെയ്താൽ ചോർന്നൊലിക്കുന്ന സ്ഥിതിയായിരുന്നു. ഇവിടെ നിന്ന് കാഷ്വൽടിയുടെ പ്രവർത്തനം താൽക്കാലികമായി സുരക്ഷാ കാരണങ്ങളാൽ ന്യൂ സർജിക്കൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. പഴയ കാഷ്വൽടി കെട്ടിടം പൊളിച്ചു നീക്കിയാണ് കിഫ്‌ബി പദ്ധതിയിൽ പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതിയുള്ളത്. 2020 ഒക്‌ടോബറിലാണ് കിഫ്ബി പദ്ധതിയിൽ 11.89 കോടി രൂപയുടെ കെട്ടിടത്തിന് അനുമതിയായത്. ഈ പദ്ധതി ഇപ്പോഴും നൂലാമാലകളിൽ ഇഴയുകയാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വ
