
Perinthalmanna Radio
Date: 23-07-2025
മങ്കട: മങ്കടയിലും പരിസരത്തും വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം ഉച്ചക്ക് ചേരിയം പല്ലാട്ട് – ഇരിങ്ങാട്ടു പറമ്പ് ഭാഗത്ത് ജനവാസ മേഖലയിൽ വാഹനവുമായി പോവുകയായിരുന്ന ഇറച്ചിവെട്ട് തൊഴിലാളിയാണ് പുലിയെ കണ്ടതായി പറഞ്ഞത്, തിങ്കളാഴ്ച രാത്രി ചോഴിപ്പടി- കുട്ടപ്പാല റോഡിലും പുലി റോഡിന് കുറുകെ ചാടുന്നത് കണ്ടതായി നാട്ടുകാരൻ പറയുന്നു. കഴിഞ്ഞ ആഴ്‌ചകളിലായി പെരുമ്പറമ്പ്, കരിമല എന്നീ സ്ഥലങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തിയിരുന്നു.
പ്രദേശത്തെ വനമേഖല കൂടിയായ ചേരിയം മലയിലും മലയുമായി ബന്ധപ്പെട്ട കൂട്ടിൽ, ചേരിയം, പെരുമ്പറമ്പ് മേഖലകളിലെ കുന്നുകളിലും കാടുപിടിച്ച പ്രദേശങ്ങളിൽ പുലി സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. പുലിയുടെ കാലടികളും കണ്ടെത്തിയിരുന്നു.
ചേരിയം മലയുടെ പടിഞ്ഞാറ് ഭാഗമായ കുരങ്ങൻ ചോല, കിഴക്കു ഭാഗമായ പൂക്കോടൻ മലയുടെ ഭാഗങ്ങൾ എന്നീ പ്രദേശങ്ങളിലും നേരത്തെ പുലി സാന്നിധ്യം ഉണ്ട്. ആട് മേക്കുന്നതിനിടെ പുലി കടിച്ചു കൊണ്ടുപോയ സംഭവങ്ങളും ഉണ്ടായി. കുരങ്ങൻ ചോല, മൂക്കിൽചേരിയം, കൂട്ടിൽ, വലമ്പൂർ, മുള്ളാ കുർശ്ശി ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ രണ്ടു വർഷത്തിനിടെ ധാരാളം ആടുകളെയും കാണാതായിട്ടുണ്ട്. എന്നാൽ ജനങ്ങളുടെ നിരന്തരം ആവശ്യങ്ങൾ ഉണ്ടായിട്ടും വനംവകുപ്പ് കാമറ സ്ഥാപിക്കാനോ പുലിയുടെ സാന്നിധ്യം കണ്ടെത്താനോ തയ്യാറായിട്ടില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
