മങ്കട കരിമലയിൽ അപകടം പതിയിരിക്കുന്നു; റോഡിലേക്ക് മണ്ണിടിഞ്ഞത് മാറ്റിയില്ല

Share to

Perinthalmanna Radio
Date: 23-08-2024

മങ്കട : കനത്ത മഴയിൽ റോഡിലേക്ക് ഇടിഞ്ഞ മണ്ണ് നീക്കാത്തത് അപകടങ്ങളുണ്ടാക്കുന്നു. പാലക്കതടം-കരിമല-വലമ്പൂർ റോഡിൽ മഴയിൽ മണ്ണിടിഞ്ഞുവീണതാണ് അപകടഭീഷണിയാകുന്നത്. തടസ്സമുണ്ടായ ഭാഗത്തെ മണ്ണും മറ്റു അവശിഷ്ടങ്ങളും നീക്കാത്തതിനാൽ റോഡിൽ അപകടങ്ങളും പതിവായി. കഴിഞ്ഞ മാസം 30-നാണ് കനത്ത മഴയും കാറ്റും ഉണ്ടായതിനെത്തുടർന്ന് കരിമല-വലമ്പൂർ റോഡരികിലെ ഉയർന്ന ഭാഗത്തെ മരങ്ങൾ കടപുഴകി വൻതോതിൽ മണ്ണും കല്ലും ഇടിഞ്ഞുവീണത്. മങ്കട ട്രോമാകെയറും പെരിന്തൽമണ്ണ സിവിൽ ഡിഫൻസ് ടീമും ചേർന്ന് ഉടൻതന്നെ മരങ്ങൾ മുറിച്ചുമാറ്റി റോഡ് ഒരു വശം ഗതാഗതയോഗ്യമാക്കിയിരുന്നു. റോഡിന് മധ്യഭാഗം വരെ വീണ മണ്ണ് മാറ്റി തടസ്സങ്ങൾ നീക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

റോഡിന് പകുതി ഭാഗം വരെ ഇപ്പോഴും മണ്ണും കല്ലും മറ്റു അവശിഷ്ടങ്ങളും നിറഞ്ഞുകിടക്കുകയാണ്. വലമ്പൂർ ഭാഗത്തുനിന്നുള്ള കയറ്റവും വളവും തിരിഞ്ഞുവരുന്ന ഭാഗത്താണ് റോഡ് തടസ്സമായി കിടക്കുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ലാത്തതിനാൽ അപകടം സംഭവിക്കുന്നു. മങ്കട-അങ്ങാടിപ്പുറം റോഡിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടാകുമ്പോൾ പെരിന്തൽമണ്ണ ഭാഗത്തേക്ക് ഉപയോഗിക്കാവുന്ന വഴി എന്ന നിലയിലും മഞ്ചേരി ഭാഗത്തുനിന്ന് വരുന്ന പട്ടിക്കാട്, മേലാറ്റൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് പെരിന്തൽമണ്ണ ടൗൺ ചുറ്റാതെ സഞ്ചരിക്കാവുന്ന വഴി എന്ന നിലയിലും ഇത് തിരക്കേറിയ ഇടമാണ്.

മങ്കട-അരിപ്ര-പാലക്കത്തടം എന്നീ ഭാഗങ്ങളിൽനിന്ന് വലമ്പൂർ ചുങ്കം പട്ടിക്കാട് ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാവുന്ന വഴി എന്ന നിലയിലും ഈ പാതയ്ക്ക് പ്രാധാന്യമുണ്ട്. അങ്ങാടിപ്പുറം പഞ്ചായത്തിൽ ഉൾപ്പെട്ട ഭാഗമാണ് ഇപ്പോൾ മണ്ണടിഞ്ഞുകിടക്കുന്നത്. എത്രയും വേഗം തടസ്സങ്ങൾ മാറ്റി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *