
Perinthalmanna Radio
Date: 23-11-2023
ഓള് ഇന്ത്യ പെര്‍മിറ്റിന്റെ മറവില്‍ സ്വകാര്യ ബസുകള്‍ ദീര്‍ഘദൂര പാതകള്‍ കൈയടക്കുന്നത് കെ.എസ്.ആര്.ടി.സിയുടെ നട്ടെല്ലൊടിക്കും.
കെ.എസ്.ആര്.സിയുടെ മൊത്തം വരുമാനത്തിന്റെ 60 ശതമാനവും 1500 ഓളം ദീര്‍ഘദൂര ബസുകളില്‍നിന്നാണ്. ഈ വരുമാനം കൊണ്ടാണ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഓടിക്കുന്ന ഓര്‍ഡിനറി സര്‍വിസുകളുടെ നഷ്ടം നികത്തുന്നത്.
യാത്രക്കാര്‍ കുറവുള്ള സമയത്തും റൂട്ടുകളിലും ഓര്‍ഡിനറി ഓടിക്കുന്നുണ്ട്. കെ.എസ്.ആര്.ടി.സിക്ക് നിയമപ്രകാരം അര്‍ഹമായ റൂട്ടുകള്‍ സ്വകാര്യ കുത്തകകള്‍ കൈയടക്കുന്നതോടെ ഓര്‍ഡിനറി റൂട്ടുകളിലടക്കം ആഘാതമുണ്ടാകുമെന്നാണ് മാനേജ്മെന്റ് വിലയിരുത്തല്‍.
കോണ്ട്രാക്റ്റ് കാര്യേജ് ബസുകള്‍ക്ക് ഒറ്റ നികുതിയില്‍ അന്തര്‍സംസ്ഥാന യാത്രക്കുള്ള അനുമതിയാണ് ഓള് ഇന്ത്യ പെര്‍മിറ്റിലൂടെ ലഭിക്കുന്നതെന്നും മറ്റ് ആനുകൂല്യങ്ങളില്ലെന്നുമാണ് കെ.എസ്.ആര്.ടി.സി നിലപാട്. ഓള് ഇന്ത്യ പെര്‍മിറ്റിന്റെ മറവില്‍ സ്വകാര്യ ബസുകാര് കൈയടക്കാന്‍ ശ്രമിക്കുന്നത് വരുമാനമുള്ള ദീര്‍ഘദൂര പാതകള്‍ മാത്രമാണ്. ഈ രീതിയില്‍ നിരത്തിലിറങ്ങാൻ 200ഓളം സ്വകാര്യബസ് കാത്തു നില്പുണ്ടെന്നാണ് വിവരം.
ടിക്കറ്റ് നല്കി ഓടാൻ അനുവാദമുള്ള സ്വകാര്യ ബസുകളുടെ പരമാവധി ദൂരം 140 കിലോമീറ്ററാണ്. ഇത്തരത്തില്‍ പെര്‍മിറ്റ് നഷ്ടമായ സ്വകാര്യ റൂട്ടു ബസുകളും ദീര്‍ഘദൂരയാത്രക്ക് ഒരുങ്ങുകയാണ്. വിദ്യാര്‍ഥി, ഭിന്നശേഷി യാത്രാ ആനുകൂല്യങ്ങളൊന്നും ഓള് ഇന്ത്യ പെര്‍മിറ്റ് ബസിന് ബാധകമല്ല. ലാഭം മാത്രം ലക്ഷ്യമിട്ടാകും സര്‍വിസ്. പൊതുഗതാഗതമേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സിയിലെ തൊഴിലാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
കരാര്‍ പ്രകാരം ഒരു സ്ഥലത്തുനിന്ന് യാത്രക്കാരെ എടുത്ത് മറ്റൊരു സ്ഥലത്ത് എത്തിക്കുന്നതിനാണ് കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് നല്‍കുന്നത്. വിവാഹാവശ്യങ്ങള്‍ക്കും വിനോദയാത്രക്കും മറ്റും ഓടുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ ഈ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. സ്ഥലബോര്‍ഡ് വെക്കാനോ പോയന്റുകളില്‍നിന്ന് ആളെയെടുക്കാനോ ടിക്കറ്റ് നല്‍കാനോ ഇവര്‍ക്ക് അനുവാദമില്ല. ഇതിന് അനുവാദം സ്റ്റേജ് കാര്യേജുകള്‍ക്ക് മാത്രം. റീജനല്‍ ട്രാൻസ്പോര്‍ട്ട് അതോറിറ്റി നിര്‍ദേശിക്കുന്ന നിശ്ചിത ബസ് റൂട്ടുകളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ബസ് ചാര്‍ജ് ഈടാക്കിയേ ഇവക്ക് സര്‍വിസ് നടത്താനാകൂ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
