തൂതപ്പുഴയിലെ കാളികടവ് പാലത്തിനായി ജനം കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ

Share to


Perinthalmanna Radio
Date: 23-12-2025

ആലിപ്പറമ്പ് : ഇരു ജില്ലകളെയും ബന്ധിപ്പിച്ചു കൊണ്ട് തൂതപ്പുഴയിലെ കാളികടവ് പാലത്തിനായി ജനം കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളേറെയായി.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന്റെ ചരിത്രമാണ് ഈ സ്വപ്ന പദ്ധതിക്കുള്ളത്. ആലിപ്പറമ്പ് ഗ്രാമത്തെയും പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി നഗരസഭയെയും കൂട്ടിയിണക്കുന്നതാണ് പാലം.

പാലത്തിനായി 2016ൽ നബാർഡ് 8.88 കോടി രൂപയുടെ ഭരണാനുമതി നൽകിയെങ്കിലും അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ലഭ്യമല്ലാത്തതിനാൽ മുടങ്ങി. വീണ്ടും 2023ലെ നവ കേരള സദസ്സിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പെരിന്തൽമണ്ണ, ഷൊർണൂർ എംഎൽഎമാരുടെ നേതൃത്വത്തിൽ ഇരു ഭാഗത്തെയും ജന പ്രതിനിധികളും, പൊതു ജനങ്ങളും നടത്തിയ ശ്രമങ്ങളുടെ ഫലമായി അപ്രോച്ച് റോഡിന് ആവശ്യമായ 37 സെന്റ് ഭൂമി ഉടമകളിൽ നിന്നും വില നൽകി ഏറ്റെടുത്ത് പാലം കമ്മിറ്റി സർക്കാരിലേക്ക് സൗജന്യമായി കൈമാറി. മഞ്ചേരി പൊതുമരാമത്ത് വകുപ്പ് സർവേ നടത്തി കണ്ടെത്തിയ ഭൂമിയാണ് ഏറ്റെടുത്തത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ള കാളികടവ് പാലം പ്രോജക്ടിന് 17 കോടി രൂപയുടെ ഡിപിആർ തയാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. പുഴയുടെ ഇരു കരകളെയും 150 മീറ്റർ നീളത്തിൽ ബന്ധിപ്പിക്കുന്ന പാലത്തിന് 6 തൂണുകളും പാലത്തിന്റെ ഇരു വശങ്ങളിലും ഓരോ മീറ്റർ വീതിയിൽ നടപ്പാതയും 180 മീറ്റർ ദൈർഘ്യമുള്ള അപ്രോച്ച് റോഡും ആണ് വിഭാവനം ചെയ്യുന്നത്.

ഈ പ്രോജക്ട് സർക്കാരിന്റെ ഭരണാനുമതിക്കായി പൊതുമരാമത്ത് ചീഫ് എൻജിനീയർ സമർപ്പിച്ചിട്ടുണ്ട്. 2025- 26 സംസ്ഥാന ബജറ്റിൽ 25 കോടി രൂപ അടങ്കൽ തുകയും ടോക്കൺ മണിയും നീക്കി വച്ചിട്ടുണ്ട്. പാലം എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സർവകക്ഷി പാലം കമ്മിറ്റി നിവേദക സംഘം മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവരുൾപ്പെടെയുള്ളവർക്ക് നിവേദനം നൽകും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *