
Perinthalmanna Radio
Date: 24-01-2024
പെരിന്തൽമണ്ണ : സർക്കാറിനും പൊതു മരാമത്ത് വകുപ്പിനുമെതിരെ നിരവധി സമരങ്ങൾക്ക് കാരണമായ നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയിൽ മേലാറ്റൂർ- പുലാമന്തോൾ 31 കി.മീ റോഡ് പദ്ധതി കരാർ സർക്കാർ റദ്ദാക്കി. നടപടിചട്ടങ്ങൾ പാലിച്ച് 15 ദിവസം ഇടവിട്ട് നിർമാണ കമ്പനിക്ക് മൂന്നു നോട്ടീസുകൾ നൽകിയിട്ടും പ്രവർത്തി ഏറ്റെടുക്കാനോ പൂർത്തിയാക്കാനോ സന്നദ്ധത അറിയിച്ചിട്ടില്ല. ജനുവരി എട്ടിനാണ് മൂന്നാമത് നോട്ടീസ് നൽകിയത്. അവിടന്നങ്ങോട്ട് 60 ദിവസം കമ്പനിക്ക് കാരണം ബോധിപ്പിക്കാൻ സാവകാശം കൂടി നൽകി. കാരണങ്ങൾ ബോധിപ്പിച്ചിട്ടില്ലെങ്കിൽ കരാർ പൂർണമായും റദ്ദായതായി കണക്കാക്കുമെന്ന് മരാമത്ത് വകുപ്പ് അറിയിച്ചു. തുടർന്ന് സർക്കാർ പുനർ ലേലത്തിന് വെച്ച് മറ്റൊരു കരാർ കമ്പനിയെ ഏൽപിക്കേണ്ടി വരും. മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 31 കി.മീ ഭാഗം 144 കോടി രൂപക്ക് വീതി കൂട്ടി ബി.എം ആൻഡ് ബി.സി പ്രവൃത്തിയും അഴുക്കുചാൽ നിർമാണവുമാണ് നടത്താനുള്ളത്. മൂന്നര വർഷത്തിനിടയിൽ 50 ശതമാനം പ്രവൃത്തി തീർത്ത് അതിൽ 43 ശതമാനത്തിന്റെ തുക കമ്പനി കൈപ്പറ്റി.
2020 സെപ്റ്റംബറിൽ മുൻ പിണറായി സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി തന്നെയാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. പ്രവൃത്തി തുടങ്ങാതെ ഒരു വർഷത്തോളം കൊണ്ടു പോയി. പിന്നീട് വല്ലപ്പോഴും മാത്രം പ്രവൃത്തി നടത്തി. റോഡ് തകർന്ന് യാത്രാ ദുരിതം കൂടിയതോടെ നാട്ടുകാർ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സമരങ്ങൾ നടത്തി. അപ്പോഴൊന്നും മന്ത്രിയോ വകുപ്പോ ഫലപ്രദമായി ഇടപെട്ടില്ല. കഴിഞ്ഞ ഒക്ടോബർ അവസാനം യു.ഡി.എഫ് ലോങ്മാർച്ചടക്കം സമരം പ്രഖ്യാപിച്ച ഘട്ടത്തിൽ ഉദ്യോഗസ്ഥർ ഇടപെട്ട് താൽക്കാലികമായി വലിയ കുഴികളടച്ചിരുന്നു. പൂർത്തിയാക്കിയ ഏഴു ശതമാനത്തിന്റെ തുകയാണിനി നൽകാനുള്ളത്. ബാക്കിയുള്ള പ്രവൃത്തി പൂർത്തിയാക്കാൻ നടപടികൾ ഏറെയുണ്ട്. 60 ദിവസ കാലാവധി പൂർത്തിയാവുക മാർച്ച് എട്ടിനാണ്. ബാക്കിയുള്ള ഭാഗത്തിന് പുതിയ എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരം വാങ്ങി ടെൻഡർ ചെയ്യാൻ സമയമെടുക്കും. അതിനിടയിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം കൂടി വന്നാൽ ഈ വേനലിൽ പ്രവൃത്തി നടക്കാത്ത സ്ഥിതിയും വരും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
