
Perinthalmanna Radio
Date: 24-01-2024
കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നിർമാണം നിയമനടപടികളിൽ തട്ടി അനിശ്ചിതത്വത്തിൽ. പ്രീ ക്വാളിഫിക്കേഷൻ ടെൻഡറിൽ അയോഗ്യത കൽപ്പിച്ച് ഒഴിവാക്കിയതു ചോദ്യംചെയ്ത് വിമാനത്താവള അതോറിറ്റിക്കതിരേ ഊരാളുങ്കൽ ലേബർ സൊസൈറ്റി ഡൽഹി ഹൈക്കോടതിയിൽ പരാതി നൽകി. കോടതി ആവശ്യപ്പെട്ടെങ്കിലും മൂന്നാഴ്ചയായിട്ടും അതോറിറ്റി വിശദീകരണം നൽകിയിട്ടില്ല.
ഡിസംബർ 18-നാണ് റെസ നിർമാണ-അനുബന്ധ പ്രവൃത്തികളുടെ ടെൻഡർ ഉറപ്പിച്ചത്. രാജസ്ഥാനിലെ ഗവാർ കൺസ്ട്രക്‌ഷൻ ലിമിറ്റഡ് കമ്പനി ടെൻഡർ തുകയുടെ 20.08 ശതമാനം കുറച്ച് 322 കോടി രൂപയ്ക്ക് കരാർ ഉറപ്പാക്കി.
റെസ വിപുലീകരണം, അനുബന്ധ പ്രവൃത്തികൾ, ഡ്രെയിനേജ് നിർമാണം, മെയിന്റനൻസ് എന്നിവയ്ക്കായാണ് 402.92 കോടി രൂപയുടെ പ്രവൃത്തികൾക്ക് എയർപോർട്ട് അതോറിറ്റി ടെൻഡർ ക്ഷണിച്ചത്. സെപ്റ്റംബർ 19-ന് പ്രീ ക്വാളിഫിക്കേഷൻ ടെൻഡറും ഒക്ടോബർ 11-ന് അന്തിമ ടെൻഡറും ഉറപ്പിക്കുന്നരീതിയിൽ ക്ഷണിച്ചെങ്കിലും പ്രീ ക്വാളിഫിക്കേഷൻ ടെൻഡറിൽ ആദ്യം ആരും പങ്കെടുത്തില്ല. 45 മീറ്റർ ഉയരത്തിൽ മണ്ണിട്ടുനികത്തിയുള്ള നിർമാണപരിചയം യോഗ്യതയാക്കിയതാണ് ഇതിനു കാരണം. നിബന്ധനയിൽ ഇളവുവരുത്തിയതോടെ ഊരാളുങ്കൽ അടക്കം ഏഴു കമ്പനികൾ ടെൻഡർ നൽകി.
ഊരാളുങ്കൽ അടക്കം നാലു കമ്പനികളെ ആയോഗ്യരാക്കിയാണ് അന്തിമ ടെൻഡർ ഉറപ്പിച്ചത്. ഇതുമൂലം സൊസൈറ്റിയുടെ സാമ്പത്തിക ടെൻഡർ പരിഗണിച്ചില്ല. ദേശീയപാതയടക്കമുള്ള വൻകിട പദ്ധതികളിൽ ടെൻഡറിൽ അയോഗ്യരാക്കുന്ന കമ്പനികളെ കാരണം അറിയിക്കാറുണ്ട്. ഇവിടെ അയോഗ്യതയ്ക്കുള്ള കാരണം എയർപോർട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടില്ല. കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് ഊരാളുങ്കൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
2020-ൽ കരിപ്പൂരിലുണ്ടായ വിമാാപകടത്തെത്തുടർന്ന് റദ്ദാക്കിയ വലിയ വിമാനങ്ങളുടെ സർവീസ് തിരിച്ചുവരുന്നതിന് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റെസ വിപുലീകരിക്കുന്നത്.
റൺവേയുടെ രണ്ടറ്റങ്ങളിലുമുള്ള റെസ 90 മീറ്ററിൽനിന്ന് 240 മീറ്ററായി നീളം വർധിപ്പിക്കുന്നതാണ് പ്രധാനം. ഇതിനായി സംസ്ഥാനസർക്കാർ 12.5 ഏക്കർ ഭൂമി ഏറ്റെടുത്തു നൽകി. 19 മാസമാണ് റെസ നിർമാണത്തിന് സമയം അനുവദിച്ചത്.
നിലവിലെ റൺവേയ്ക്ക് സമമായി മണ്ണിട്ടുയർത്തുന്നതാണ് പ്രധാന പ്രവൃത്തി. പടിഞ്ഞാറുഭാഗത്ത് റൺവേ അവസാനിക്കുന്നയിടത്ത് കോൺക്രീറ്റ് മതിലും മറ്റിടങ്ങളിൽ ചെരിച്ച് മണ്ണിട്ട് ഉയർത്തിയുമാണ് റെസ നിർമിക്കുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
