
Perinthalmanna Radio
Date: 24-02-2024
ന്യൂഡൽഹി: നിലവിലെ ഇന്ത്യൻ ക്രിമിനൽ നിയമങ്ങളെ പൊളിച്ചെഴുതിക്കൊണ്ടുള്ള പുതിയ ക്രിമിനൽ നിയമങ്ങൾ 2024 ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങളാണ് ജൂലായ് മുതൽ പ്രാബല്യത്തിലാവുന്നത്. 1860-ലെ ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.), 1898ലെ ക്രിമിനൽ നടപടിച്ചട്ടം (സി.ആർ.പി.സി.), 1872-ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്കു പകരമാണ് ഇവ നിലവിൽ വരുന്നത്.
ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ച ആദ്യ ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബർ പത്തിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഡിസംബർ 11-ന് ബില്ലുകൾ പിൻവലിച്ചു. പിന്നീട് ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച പുതിയ ബില്ലുകളായിരുന്നു സഭകൾ പാസാക്കിയത്. ഡിസംബർ അവസാനം രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതോടെ ബില്ലുകൾ നിയമങ്ങളായി മാറി.
പുതിയ നിയമങ്ങൾ പ്രകാരം ആൾക്കൂട്ട ആക്രമണങ്ങൾ ക്രിമിനൽ കുറ്റമാവും. ഭരണകൂടത്തിന് എതിരായ പ്രവർത്തനങ്ങൾ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. എന്നാൽ, ഭാരതീയ ന്യാസംഹിതാ ബില്ലിൽ 150-ാം വകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമായി നിലനിർത്തിയിട്ടുണ്ട്. ഏതു കേസിലും നിലവിലെ പോലീസ് കസ്റ്റഡിക്കാലാവധി, അറസ്റ്റിനുശേഷമുള്ള ആദ്യത്തെ പതിനഞ്ചു ദിവസമാണ്. ഇതിനപ്പുറവും പോലീസ് കസ്റ്റഡി നീട്ടാനുതകുന്ന വ്യവസ്ഥ ഭാരതീയ നാഗരിക് സുരക്ഷാസംഹിതാ ബില്ലിലുണ്ട്. അതേസമയം, അന്വേഷണവും കുറ്റപത്ര സമർപ്പണവുമടക്കമുള്ള കേസ് നടപടികൾക്ക് സമയപരിധി നിശ്ചയിച്ചിട്ടുമുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
