
Perinthalmanna Radio
Date: 24-02-2025
സംസ്ഥാനത്ത് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2024-ല്‍ കേരളത്തില്‍ 19,626 വാഹനങ്ങള്‍ അധികമായി രജിസ്റ്റർ ചെയ്തു. 2025-ല്‍ ഇതുവരെ 1.10 ലക്ഷം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സംവിധാനത്തിലെ കണക്കു പ്രകാരം 2023-ല്‍ 7.59 ലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്തെ 87 ട്രാൻസ്പോർട്ട് ഓഫീസുകളില്‍ രജിസ്റ്റർ ചെയ്തത്. 2024-ല്‍ ഇത് 7.78 ലക്ഷമായി. 2.59 ശതമാനമാണ് ഉയർന്നത്.
കഴിഞ്ഞ നാലുവർഷത്തിനിടെ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തത് 2022-ലായിരുന്നു. കോവിഡ് ഭീതിയകന്നുതുടങ്ങിയ വർഷം 7.84 ലക്ഷം വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. 2023-ല്‍ വാഹന രജിസ്ട്രേഷനില്‍ ഇടിവുണ്ടായി.
രാജ്യത്തുതന്നെ കഴിഞ്ഞവർഷം ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതിലെ വരുമാനത്തില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. നികുതിയും ഫീസും ഉള്‍പ്പെടെ 6099 കോടി രൂപയാണ് ഈയിനത്തില്‍ ലഭിച്ചത്. 2023-നേക്കാള്‍ 8.76 ശതമാനം വർധന. കഴിഞ്ഞ നാലുവർഷത്തിനിടെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയതും 2024-ലാണ്.
സംസ്ഥാനത്ത് കഴിഞ്ഞവർഷം നിരത്തിലിറങ്ങിയതില്‍ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളാണ്. 7.78 ലക്ഷം വാഹനങ്ങളില്‍ 5.08 ലക്ഷവും മോട്ടോർ ബൈക്കുകളും സ്കൂട്ടറുകളുമാണ്. 4.90 ലക്ഷം ഇരുചക്രവാഹനങ്ങളാണ് 2023-ല്‍ രജിസ്റ്റർ ചെയ്യപ്പെട്ടത്.
രണ്ടുലക്ഷം കാറുകളും 2024-ല്‍ നിരത്തിലിറങ്ങി. പെട്രോള്‍ വാഹനങ്ങള്‍ തന്നെയാണ് ഏറെയും. പെട്രോള്‍ ഇന്ധനമായുള്ള 5.42 ലക്ഷം വാഹനങ്ങളും 56,494 ഡീസല്‍ വാഹനങ്ങളും നിരത്തിലിറങ്ങി. വൈദ്യുതിമാത്രം ഇന്ധനമാക്കി 60,339 വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
