പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ 11.89 കോടിയുടെ പദ്ധതി കടലാസിലൊതുങ്ങി

Share to


Perinthalmanna Radio
Date: 24-02-2026

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ അടിസ്ഥാന സൗകര്യ വികസന നിധിയിൽ (കിഫ്ബി) ഉൾപ്പെടുത്തി ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് അനുവദിച്ച 11.89 കോടി രൂപയുടെ പദ്ധതി വിസ്മൃതിയിൽ. അത്യാഹിത വിഭാഗം, ഒ.പി ബ്ലോക്ക്, ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ എന്നിവക്കായിരുന്നു വിഹിതം. പഴയ ഇടുങ്ങിയ ഓഫീസ്, അതിനു പിന്നിലെ ഒ.പി ബ്ലോക്ക്, വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കെ.എച്ച്. ആർ. ആർ.ഡബ്ല്യു.എസിന്റെ കെട്ടിടം എന്നിവ പൊളിച്ച് നീക്കി രണ്ടു നിലകളുള്ള കെട്ടിടമാണ് നിർമിക്കാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ കെ.എച്ച്.ആർ. ഡബ്ല്യു.എസ് കെട്ടിടം പൊളിച്ച് ഒ.പി ബ്ലോക്ക് മറ്റൊരു ഫണ്ട് ഉപയോഗിച്ച് വിപുലീകരിച്ചു. 11.89 കോടി കൊണ്ട് അഞ്ചു നിലകളുള്ള ബ്ലോക്കാണ് രൂപകൽപന ചെയ്തത്. സർക്കാർ ഏജൻസിയായ കിറ്റ്കോയാണ് പദ്ധതി തയ്യാറാക്കി നൽകിയത്. ഇതിന്റെ കൂടെ അനുവദിച്ച പദ്ധതികൾ മുഴുവൻ പൂർത്തിയായി.

അഞ്ചു നില ബ്ലോക്കിൽ സിവിൽ വർക്കിന് 5.09 കോടി, അകത്തെ ജല വിതരണവും അനുബന്ധ പ്രവർത്തികൾക്കും 64.99 ലക്ഷം, വൈദ്യുതീകരണത്തിന് 1.16 കോടി, അഗ്നിശമന സുരക്ഷാ സൗകര്യങ്ങൾക്ക് 50.12 ലക്ഷം, ലിഫ്റ്റ് സൗകര്യത്തിന് 42 ലക്ഷം, സെപ്റ്റിക് ടാങ്കും സൗകര്യങ്ങളും ഒരുക്കാൻ 48.55 ലക്ഷം, അത്യാഹിത വിഭാഗത്തിൽ മെഡിക്കൽ ഗ്യാസും വാക്വം സിസ്റ്റവും ഒരുക്കാൻ 44 ലക്ഷം, ഉപകരണങ്ങളും ഫർണിച്ചറും വാങ്ങാൻ 2. 64 കോടി, ഇ.എൽ.വി പ്രവൃത്തികൾക്ക് 28. 34 ലക്ഷം എന്നിവയടക്കം 11, 89 കോടി രൂപയുടെ പദ്ധതിക്കാണ് 2019 ൽ അനുമതിയായത്.

പുതിയ കെട്ടിടത്തിൽ അത്യാഹിത വിഭാഗവും ഒ.പിയുമാണ് വരേണ്ടിയിരുന്നത്. നിലവിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സ്ഥലപരിമിതി വലിയ തടസമാണ്. അതിനിടയിൽ ഷീറ്റുമേഞ്ഞതും താൽക്കാലികമായി നവീകരിച്ചതുമായ കെട്ടിടങ്ങളാണ് കോമ്പൗണ്ടിൽ. ആശുപത്രിയുടെ മൊത്തം വികസനം മുന്നിൽ വെച്ച് മാസ്റ്റർപ്ലാൻ അംഗീകരിക്കാൻ 2020 മുതൽ മൂന്നു വർഷം കാത്തിരുന്നു. 170 ബെഡാണ് ഇവിടത്തെ ശേഷി. 2014 ൽ ജില്ലാ ആശുപത്രിയാക്കി ഉയർത്തിയെങ്കിലും വേണ്ടത്ര തസ്തികകൾ അനുവദിച്ചിട്ടില്ല.

അതിനിടെ അഞ്ചു വർഷം മുമ്പ് മാതൃ-ശിശു ബ്ലോക്ക് വേറിട്ട് നിർമിച്ചെങ്കിലും അവിടെയും വേണ്ട ഡോക്ടർമാരുടെയും നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരുടെയും കുറവ് തടസമാണ്. ആരോഗ്യ മന്ത്രി വീണ ജോർജ് ഏറ്റവും ഒടുവിൽ ഇവിടെയെത്തി ഘട്ടത്തിൽ പദ്ധതിയുടെ ഭാവി ആരാഞ്ഞപ്പോൾ പെരിന്തൽമണ്ണയിലെ ജനപ്രതിനിധികളാണ് താൽപര്യമെടുക്കേണ്ടിയിരുന്നതെന്നാണ് മറുപടി നൽകിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *