
Perinthalmanna Radio
Date: 24-02-2026
പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിന്റെ സ്ത്രീ സുരക്ഷാ പദ്ധതി പ്രകാരമുള്ള പെൻഷൻ വിതരണം അകാരണമായി വൈകുന്നതിൽ പെരിന്തൽമണ്ണ നഗരസഭാ ഭരണ സമിതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. നഗരസഭയിലെ 1810 ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട 1000 രൂപയുടെ പെൻഷനാണ് ഉദ്യോഗസ്ഥരുടെയും ഭരണപക്ഷത്തിന്റെയും അനാസ്ഥ മൂലം വൈകുന്നത്.
സർക്കാർ പെൻഷൻ പാസാക്കിയ ഈ മാസം 11 മുതൽ നഗരസഭാ സെക്രട്ടറിയെയും ചെയർപേഴ്സനെയും കണ്ട് പ്രതിപക്ഷം ഈ വിഷയം നിരന്തരം ഉന്നയിക്കുന്നുണ്ട്. റമദാൻ മാസത്തിൽ നോമ്പെടുക്കുന്ന സാധാരണക്കാരായ ആളുകൾക്ക് 1000 രൂപ എന്നത് കുടുംബം പുലർത്താൻ വലിയ ആശ്വാസമാണ്. എന്നാൽ ഭരണസമിതി ഈ പ്രയാസം മനസ്സിലാക്കുന്നില്ലെന്നും, പാവപ്പെട്ടവരുടെ കാര്യത്തിൽ യാതൊരു ശ്രദ്ധയും നൽകുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
മറ്റ് പല നഗരസഭകളിലും പെൻഷൻ വിതരണം ആരംഭിച്ചിട്ടും തങ്ങൾക്ക് ഇതുവരെ തുക ലഭിച്ചിട്ടില്ലെന്ന് പെൻഷൻ വിവരങ്ങൾ അന്വേഷിച്ച് നഗരസഭയിലെത്തിയ ഗുണഭോക്താക്കളായ സ്ത്രീകൾ പറഞ്ഞു. ഇലക്ഷൻ സമയത്തെ വെറുമൊരു വാഗ്ദാനമല്ല ഇതെന്നും തങ്ങൾക്ക് അർഹതപ്പെട്ട തുക എത്രയും വേഗം ലഭിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഉദ്യോഗസ്ഥരുടെ ഡിജിറ്റൽ ഒപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണ് പെൻഷൻ വൈകാൻ കാരണമെന്ന് നഗരസഭാ സെക്രട്ടറി വിശദീകരിച്ചു. പ്രതിപക്ഷത്തിന്റെ നിരന്തരമായ ഇടപെടലിനെ തുടർന്ന്, ഈ മാസം 17-ാം തീയതിയോടെ ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തി 1810 പേരുടെയും ഫയലുകൾ പാസാക്കിയിട്ടുണ്ടെന്ന് സെക്രട്ടറി ഉറപ്പുനൽകിയതായി പ്രതിപക്ഷ കൗൺസിലർമാർ അറിയിച്ചു.
വിലക്കയറ്റത്തിന്റെ ഈ സാഹചര്യത്തിൽ സാധാരണക്കാർക്കും വീട്ടമ്മമാർക്കും വലിയ ആശ്വാസമാകുന്ന ഈ തുക എത്രയും വേഗം അർഹരായവരുടെ അക്കൗണ്ടുകളിൽ എത്തിയില്ലെങ്കിൽ ശക്തമായ തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
