
Perinthalmanna Radio
Date: 24-03-2026
അങ്ങാടിപ്പുറം: വള്ളുവനാട്ടിലെ മഹാപൂരത്തിന് ബുധനാഴ്‌ച പുറപ്പാട്. ഇനി പതിനൊന്നു ദിവസം അങ്ങാടിപ്പുറത്ത് ഉത്സവത്തിൻ്റെ നിറവ്. പൂരത്തിന്റെ ഭാഗമാകാൻ നാടും നഗരവും ഒരുങ്ങി. പുറപ്പാടുദിവസം രാവിലെ നാലുമുതൽ ദർശന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ പത്തിന് ആദ്യ ആറാട്ടിനായി പൂരം കൊട്ടിപ്പുറപ്പെടും. എട്ടിന് നങ്ങ്യാർകൂത്തോടെ പൂരച്ചട ങ്ങുകൾക്ക് തുടക്കം. തുടർന്ന് കൂത്തുപുറപ്പാട്. മാതൃശാലയിൽ പ്രത്യേക പുറപ്പാട് പൂജയ്ക്കുശേഷം ഭഗവതിയുടെ പഞ്ചലോഹ വിഗ്രഹത്തിടമ്പ് കോലത്തിൽ വെച്ച് പുറത്തേക്ക് ആനയിക്കും. വാദ്യമേളങ്ങളുടെയും കൊടിതോരണങ്ങളുടെയും ഉറഞ്ഞു തുള്ളുന്ന കോമരങ്ങളുടെയും അകമ്പടിയോടെ പൂരം ആറാട്ടിനായി കൊട്ടിപ്പുറപ്പെടും. രാവിലെയും രാത്രിയുമുള്ള ആറാട്ടെഴുന്നള്ളിപ്പുകളാണ് പുരത്തിൻ്റെ പ്രധാന ചടങ്ങ്. ഭഗവതിക്ക് 21 ആറാട്ടുകളും മഹാദേവന് ഒരു ആറാട്ടുമുണ്ട്.
ആറാട്ടിനുശേഷം 11-ന് കൊട്ടിക്കയറ്റം. കോട്ടപ്പടി സന്തോഷിന്റെ പ്രമാണത്തിൽ പഞ്ചാരിമേളം. തിടമ്പ് മാതൃശാലയിലേക്കു തിരിച്ചെഴുന്നള്ളിക്കുന്നതോടെ പകൽ പൂരച്ചടങ്ങുകൾ സമാപിക്കും.
രാത്രി 9.30-ന് രണ്ടാമത്തെ ആറാട്ടിനായി കൊട്ടിയിറക്കം. രാത്രി ഏഴിന് ചെറുതാഴം വിഷ്ണുരാജും കാഞ്ഞിരങ്ങാട് അരുൺരാജും അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പകയും ആറാട്ടുകടവിൽ ചെർപ്പുളശ്ശേരി ജയന്റെ തായമ്പകയും അരങ്ങേറും.
പൂരത്തലേന്ന് വിശേഷാൽ രോഹിണി കളം പാട്ടാണ് ചൊവ്വാഴ്‌ച നടക്കുന്ന പ്രധാന ചടങ്ങ്. രാവിലെ ആറു മുതൽ ശ്രീമൂലസ്ഥാനത്ത് ലളിതാ സഹസ്രനാമ ലക്ഷാർച്ചന, സന്ധ്യക്ക് നൃത്താർച്ചന, കഥകളിപ്പദ കച്ചേരി. രാത്രി എട്ടിന് അത്താഴ പൂജയ്ക്കു ശേഷമാണ് രോഹിണി കളംപാട്ട്.
ചൊവ്വാഴ്ച രാവിലെ പൂരത്തിൻ്റെ വരവറിയിച്ചു കൊണ്ട് പൂതങ്ങളും ആണ്ടി പുതങ്ങളും ഭഗവതിയെ കുമ്പിടാനെത്തും. തുടർന്ന് പൂരം വിളംബരം ചെയ്തുകൊണ്ട് പൂതങ്ങൾ വീടുകളിലുമെത്തും.
നിത്യേന വൈകുന്നേരം നാലിന് ഓട്ടൻതുള്ളൽ, നാദസ്വരം, പാഠകം എന്നിവ പൂരം പരിപാടിയുടെ ഭാഗമായി നടക്കും. രാവിലെ ശ്രീശൈലം ഓഡിറ്റോറിയത്തിലും രാത്രി പൂരപ്പറമ്പിലെ സോപാനം തുറന്ന ഓഡിറ്റോറിയത്തിലും വിവിധ കലാ പരിപാടികളുമുണ്ട്.
പൂരത്തിനു മുന്നോടിയായി എട്ടു ദിവസം നീണ്ടു നിന്ന ദ്രവ്യകലശം തിങ്കളാഴ്‌ച ശ്രീഭൂതബലിയോടെ സമാപിച്ചു. പൂരത്തിനായി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ തയ്യാറായി. എല്ലാ നടകളിലും തിളപ്പിച്ചാറിയ കുടി വെള്ള വിതരണമുണ്ട്. തെക്കേനടയിൽ പോലീസ് സഹായ കേന്ദ്രവും പ്രഥമ ശുശ്രൂഷാ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്‌ച രണ്ടാം പൂരത്തിന് വൈകുന്നേരം 5.30-ന് നടക്കുന്ന സാംസ്‌കാരി കസമ്മേളനത്തിൽ ഈ വർഷത്തെ മാന്ധാദ്രി പുരസ്കാരം ചലച്ചിത്ര നടൻ ഇന്ദ്രൻസിന് സമ്മാനിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
