
Perinthalmanna Radio
Date: 24-03-2026
മലപ്പുറം: റമസാൻ മാസത്തിൽ അടച്ചിടാറുള്ള ഹോട്ടലുകൾ പാചക വാതക സിലിണ്ടർ ക്ഷാമം കാരണം തുറക്കുന്നത് ഇനിയും വൈകിയേക്കും. പെരുന്നാളും 6 നോമ്പും കഴിഞ്ഞ് സാധാരണ റമസാനിന് ഒരാഴ്ച കൂടി പിന്നിട്ടാണ് പല ഹോട്ടലുകളും തുറക്കാറുള്ളത്. ഇത്തവണ അതിലും വൈകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഒരു എണ്ണക്കമ്പനി മാത്രം വാണിജ്യ സിലിണ്ടറുകളിലെ 10% ഹോട്ടലുകളടക്കമുള്ളവയ്ക്ക് നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഏജൻസികൾക്ക് സിലിണ്ടർ ലഭിക്കാത്തതു മൂലം അതു പൂർണമായും നടപ്പാകുന്നില്ലെന്ന് വിവരമുണ്ട്. ഇത് 20% ആക്കിയെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അതേ സമയം ചില സ്വകാര്യ എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടർ വിതരണം തുടരുന്നുണ്ട്. 17 കിലോഗ്രാമിന്റെ പുതിയൊരു തരം സിലിണ്ടറിനായി വലിയ വിലയ്ക്ക് പ്രീമിയം മാതൃകയിൽ നൽകാൻ ബുക്കിങ് ആരംഭിച്ചതായും വിവരമുണ്ട്.
അതേ സമയം 5 കിലോഗ്രാമിന്റെ പാചക വാതക സിലിണ്ടർ കിട്ടാത്തത് കൊണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് മടങ്ങിത്തുടങ്ങി. കുടുംബങ്ങളായോ ഒന്നിച്ചോ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പാചകത്തിനായി കൂടുതലും ആശ്രയിച്ചിരുന്നത് ഈ കൊച്ചു സിലിണ്ടറുകളായിരുന്നു. നിലവിൽ സ്റ്റോക്ക് ഉള്ള ഏജൻസികൾ മാത്രം നിയന്ത്രിതമായി ഇവ വിതരണം ചെയ്യുന്നതാണ് ഏക ആശ്വാസം.
വാണിജ്യ വിഭാഗത്തിൽപെട്ടതായതിനാൽ 5 കിലോഗ്രാമിന്റെ സിലിണ്ടർ വിതരണവും എണ്ണക്കമ്പനികൾ ആദ്യ ഘട്ടത്തിലേ നിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഈ സിലിണ്ടർ അന്വേഷിച്ച് ഒട്ടേറെ ഇതര സംസ്ഥാനക്കാർ ഏജൻസികളിലെത്തിയതായി ഉടമകൾ പറയുന്നു. ഭൂരിഭാഗവും വെറും കയ്യോടെ മടങ്ങി. മറ്റു പാചക സൗകര്യങ്ങൾ ഇല്ലാത്തവരാണ് നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയതെന്നും ഏജൻസി ഉടമകൾ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
