
Perinthalmanna Radio
Date: 24-04-2025
പെരിന്തൽമണ്ണ : എറണാകുളം- ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടുന്ന കാര്യത്തിൽ റെയിൽവേ ബോർഡ് അടിയന്തരമായി തീരുമാനം എടുക്കണമെന്ന് ബിഡിജെഎസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ നടപടികളെല്ലാം പൂർത്തിയാക്കി റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ് നിലവിൽ വിഷയം ഉള്ളത്. ഷൊർണൂരിൽനിന്നും നിലമ്പൂരിൽ നിന്നുമായി ഇരുപത്തഞ്ചോളം ദീർഘദൂര കണക്ഷനുകൾ ലഭിക്കുന്ന സർവീസാണിത്.
തിരുവനന്തപുരം–നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് ട്രെയിനിന്റെ പേര് ശ്രീനാരായണ ഗുരുദേവന്റെ പേരിൽ പുനർ നാമകരണം ചെയ്യണം. കോയമ്പത്തൂരിൽ നിന്നും ഷൊർണൂർ ജംക്ഷൻ വരെ വന്നു നിൽക്കുന്ന മെമു സർവീസ് നിലമ്പൂർ വരെ നീട്ടിയാൽ പകൽ സമയത്ത് ഷൊർണൂർ- നിലമ്പൂർ ലൈനിലുള്ള 6 മണിക്കൂർ ഇടവേള ഇല്ലാതാക്കാനാവും. നിലമ്പൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് നേരിട്ട് യാത്ര ചെയ്യാവുന്ന ഒരു ട്രെയിൻ ലഭിക്കുകയും തുടർ യാത്രയ്ക്ക് വേണാട് എക്സ്പ്രസിന് കണക്ഷൻ ലഭിക്കുകയും ചെയ്യും. ഇതുൾപ്പെടെ ഷൊർണൂർ–നിലമ്പൂർ പാതയിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻഡിഎ ചെയർമാൻ രാജീവ് ചന്ദ്രശേഖറിനും കൺവീനർ തുഷാർ വെള്ളാപ്പള്ളിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നിവേദനങ്ങൾ നൽകുമെന്ന് ബിഡിജെഎസ് ജില്ലാ സംഘടനാ ജന.സെക്രട്ടറി ഡോ.രമേഷ് കോട്ടയപ്പുറത്ത്, ജില്ലാ വൈസ് പ്രസിഡന്റ് വാസു കോതറായിൽ എന്നിവർ അറിയിച്ചു.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
