മാവേലി സ്റ്റോറുകളിൽ മറ്റു ബ്രാൻഡുകൾ നിരോധിച്ച് സപ്ലൈകോ

Share to

Perinthalmanna Radio
Date: 24-05-2024

ശബരി ഉത്പന്നങ്ങളുടെ വിൽപ്പന കുത്തനെ കുറഞ്ഞതോടെ മാവേലി സ്റ്റോറുകളിലൂടെ മറ്റുബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിൽക്കുന്നത് സപ്ലൈകോ നിരോധിച്ചു. ശബരിയുടേതിനു സമാനമായ മറ്റു ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനാണ്‌ നിരോധനം. ശബരിക്കില്ലാത്ത ഉത്പന്നങ്ങൾ വിൽക്കുന്നതിനു തടസ്സമില്ല. ജൂലായ് ഒന്നുമുതൽ നിരോധനം പ്രാബല്യത്തിൽ വരും.

തേയില, കാപ്പിപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, രസപ്പൊടി, അപ്പംപൊടി, സോപ്പ്, അരി തുടങ്ങി 85 ഇനം സാധനങ്ങളാണ് ശബരിക്കുള്ളത്. വൻകിട കമ്പനികളുടെ അത്തരം ഉത്പന്നങ്ങൾ ഇനി മാവേലിസ്റ്റോറിനു പുറത്താകും.

സൂപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ, ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ മറ്റുബ്രാൻഡുകൾ വിൽക്കാം. എന്നാൽ, അവിടങ്ങളിൽ ശബരി ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കി വിൽപ്പന കൂട്ടാനാണു നിർദേശം. സപ്ലൈകോ ഡിപ്പോയിൽ സ്റ്റോക്കുള്ള മറ്റു ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ജൂൺ ഒന്നുമുതൽ മാവേലി സ്റ്റോറുകൾക്കു കൈമാറാൻ പാടില്ല. മറ്റു ബ്രാൻഡുകളുടെ ബാക്കിയുള്ള ഉത്പന്നങ്ങൾ ജൂൺ അവസാനത്തോടെ മാവേലി സ്റ്റോറുകൾ വിറ്റുതീർക്കുകയും വേണം. സംസ്ഥാനത്ത് 1,630 വിൽപ്പന കേന്ദ്രങ്ങളാണ് സപ്ലൈകോയ്ക്കുള്ളത്. അതിൽ 815 എണ്ണം മാവേലി സ്റ്റോറുകളാണ്.

മാവേലി സ്റ്റോറിൽ വരുന്ന ഒരോ ഉപഭോക്താവിനും ‌വ്യത്യസ്ത അഭിരുചിയാണ്. അവർ തേടിവരുന്ന സാധനങ്ങൾക്ക് പകരം ശബരി ഉത്പന്നങ്ങൾ അടിച്ചേൽപ്പിക്കാനാകില്ലെന്നാണു ജീവനക്കാർ പറയുന്നത്. അങ്ങനെ വന്നാൽ നിലവിലുള്ള ഉപഭോക്താക്കൾകൂടി സപ്ലൈകോയെ കൈവിടും. സബ്സിഡി സാധനങ്ങൾ ഇല്ലാതെ വന്നപ്പോൾ പകുതിയിലേറെ ഉപഭോക്താക്കളെ സപ്ലൈകോയ്ക്ക് നഷ്ടമായി. സബ്സിഡി സാധനങ്ങൾ കുറെയെങ്കിലും ലഭ്യമാക്കി ആളുകളെ തിരിച്ചുകൊണ്ടുവരുന്നതിനിടെ നടത്തുന്ന പരിഷ്കാരം ഗുണംചെയ്യില്ലെന്നാണ് ഒരുവിഭാഗം ജീവനക്കാർ പറയുന്നത്.

സപ്ലൈകോയിൽ വൻകിട കമ്പനികളുടെ ഉത്പന്നങ്ങൾ വിൽപ്പനയ്ക്കെടുക്കുന്നതിലൂടെ ചില ഉദ്യോഗസ്ഥർക്ക്‌ കമ്മിഷൻ ലഭിച്ചിരുന്നതായി ജീവനക്കാർ ആരോപിച്ചു. പുതിയ തീരുമാനത്തോടെ അതില്ലാതാകും. ശബരി ഉത്പന്നങ്ങൾ വിൽക്കാതെ കെട്ടിക്കിടക്കാൻ കാരണം അത്തരം ഉദ്യോഗസ്ഥരാണെന്നും അവരെക്കുറിച്ച് അന്വേഷണം വേണമെന്നുമാണ് ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *