
Perinthalmanna Radio
Date: 24-06-2025
ആശങ്കയുടെ മണിക്കൂറുകള്‍ക്കുശേഷം വ്യോമപാത തുറന്ന് ഗള്‍ഫ് രാജ്യങ്ങള്‍. ഇറാന്‍റെ മിസൈല്‍ ആക്രമണ മുന്നറിയിപ്പിനു പിന്നാലെ ഖത്തർ തിങ്കളാഴ്ച വൈകുന്നേരം 6.45ഓടെ അടച്ച വ്യോമപാത അർധരാത്രി 12 ഓടെയാണ് തുറന്നത്.
അധികം വൈകാതെ തന്നെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരുമായി വിമാനങ്ങള്‍ ദോഹയിലെ ഹമദ് വിമാനത്താവളം ലക്ഷ്യമാക്കി പറന്നു തുടങ്ങി. രാത്രി 7.30ഓടെ ഇറാൻ മിസൈലുകള്‍ ഖത്തർ വ്യോതിർത്തിയിലെത്തിയതിനു പിന്നാലെ വിവിധ ജി.സി.സി രാജ്യങ്ങളിലും വ്യോമാതിർത്തികള്‍ അടച്ചതോടെ മധ്യപൂർവേഷ്യ വഴിയുള്ള വിമാനഗതാഗതം പൂർണമായും നിശ്ചലമായിരുന്നു.
ദോഹ ഹമദ് വിമാനത്താവളത്തിലേക്കും, ഇവിടെ നിന്നു പുറപ്പെടേണ്ടതുമായ വിമാനങ്ങള്‍ കൂട്ടമായി റദ്ദാക്കുകയും, വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. രാത്രി 12ന് വ്യോമപാത തുറന്നതിനു പിന്നാലെ വിമാന സർവിസും പതിവുപോലെ ആരംഭിച്ചു.
കുവൈത്തിലും വ്യോമ ഗതാഗതം സാധാരണ നിലയിലായി. തിങ്കളാഴ്ച രാത്രി അടച്ച വ്യോമാതിർത്തി വൈകാതെ തുറന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് കുവൈത്ത് വ്യോമാതിർത്തി അടച്ചത്. 11 മണിയോടെ വ്യോമാതിർത്തി തുറക്കുന്നതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു.
രാജ്യത്തിന് ചുറ്റുമുള്ള വ്യോമാതിർത്തിയുടെ സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്തിയതിന് ശേഷമാണ് നടപടി. പ്രാദേശിക, അന്തർദേശീയ വിദഗ്ധരുമായി സഹകരിച്ച് പ്രത്യേക സംഘങ്ങള്‍ നടത്തിയ സമഗ്രമായ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് തുറക്കല്‍.
ഇതോടെ വ്യോമ ഗതാഗതം സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്. ഖത്തറിലെ ആക്രമണത്തിന് പിറകെ കുവൈത്തില്‍ നിന്നു കേരളത്തിലേക്കുള്ളതടക്കം പുറപ്പെട്ട വിവിധ വിമാനങ്ങള്‍ അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. വ്യോമപാത അടച്ചതിന് പിറകെ ചില വിമാനങ്ങള്‍ റദ്ദാക്കുകയുമുണ്ടായി. ഇവ രാത്രി വൈകി റീഷെഡ്യൂള്‍ ചെയ്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ