
Perinthalmanna Radio
Date: 24-07-2025
പെരിന്തല്‍മണ്ണ: സർക്കാരിന്‍റെ കിഫ്ബി പദ്ധതിയില്‍ പൂർത്തിയാക്കിയ രാമഞ്ചാടി ശുദ്ധജല വിതരണ പദ്ധതി ഓഗസ്റ്റില്‍ കമ്മീഷൻ ചെയ്യാൻ ആലോചന. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയുടെ തിയതി കാത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ വേനലില്‍ കമ്മീഷൻ ചെയ്യാൻ ആലോചിച്ച പദ്ധതിക്ക് വൈദ്യുതി ലഭ്യമായില്ല. ഇപ്പോള്‍ എച്ച്‌ടി ലൈൻ വലിച്ച് പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ പ്രവൃത്തികളെല്ലാം കഴിഞ്ഞു. 93 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടത്.
ജൂണ്‍ അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. മഞ്ഞളാംകുഴി അലി എംഎല്‍എ പെരിന്തല്‍മണ്ണ മണ്ഡലം പ്രതിനിധി ആയിരിക്കെയാണ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങള്‍ നടക്കുന്നത്. നഗരസഭ മുൻ ചെയർമാൻ എം. മുഹമ്മദ് സലീമിന്‍റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ രാമഞ്ചാടി പദ്ധതിക്ക് ഏറെ ഗുണകരമായി.
കുന്തിപ്പുഴയില്‍ രാമഞ്ചാടി കയത്തിന് സമീപം കിണർ സ്ഥാപിച്ച് ചേലാമലയില്‍ വലിയ സംഭരണ ടാങ്കും ട്രീറ്റ്മെന്‍റ് പ്ലാന്‍റും നിർമിച്ചാണ് പെരിന്തല്‍മണ്ണ നഗരസഭയിലും ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകളിലും വെള്ളമെത്തിക്കുക. നിലവില്‍ പെരിന്തല്‍മണ്ണ അർബൻ ശുദ്ധജല പദ്ധതിയില്‍ വെള്ളം എത്തുന്നത് പുലാമന്തോള്‍ കട്ടുപ്പാറയിലെ കിണറ്റില്‍ നിന്നാണ്.
പമ്പിംഗ് ലൈൻ മുഴുവൻ മാറ്റി സ്ഥാപിച്ചു. പദ്ധതിയുടെ നിർമാണോദ്ഘാടനം 2020 ല്‍ കോവിഡ് കാലത്താണ് നടത്തിയതാണ്. ഒന്നര വർഷത്തില്‍ പൂർത്തിയാക്കാനായിരുന്നു ധാരണ. 2022 മുതല്‍ ഓരോ വേനലിലും ഇത് ആശ്രയിക്കുന്നവർ രാമഞ്ചാടി പദ്ധതി കമ്മീഷൻ ചെയ്യുന്നത് കാത്തിരുന്നെങ്കിലും ഏറെ നീണ്ടു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
