ബന്ധുവീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ചയാൾ പിടിയിൽ

Share to


Perinthalmanna Radio
Date: 24-07-2025

പെരിന്തൽമണ്ണ:  അയൽപക്കത്തെ ബന്ധുവീട്ടിൽ നിന്ന് സ്വർണ താലിമാല മോഷ്‌ടിച്ച കേസിൽ ഇലക്‌ട്രീഷനായ അങ്ങാടിപ്പുറം ചെരയ്‌ക്കാപറമ്പ് ചാലിയത്തൊടി ശ്രീജിത്തിനെ(32) പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്തു.

അയൽപക്കത്തുള്ള വിജയകുമാരിയുടെ വീട്ടിൽ നിന്നാണ് മൂന്നര പവൻ തൂക്കം വരുന്ന ലോക്കറ്റോടു കൂടിയ സ്വർണ താലിമാല മോഷ്‌ടിച്ചത്. 2023 സെപ്‌റ്റംബർ 21 ന് രാത്രിയിൽ ആയിരുന്നു മോഷണം.

അടുക്കള വാതിലിലൂടെ അകത്തു കയറിയ പ്രതി മേശപ്പുറത്ത് വച്ചിരുന്ന സ്വർണമാല മോഷ്‌ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം റെയിൽവേ പൊലീസ് സ്റ്റേഷനിലെ മറ്റൊരു സ്വർണാഭരണ മോഷണ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പ്രതിയെ ചോദ്യം ചെയ്‌തതോടെയാണ് ചെരയ്‌ക്കാപറമ്പിലെ മോഷണ കേസിനും തുമ്പായത്. തിരുവനന്തപുരത്തെ മോഷണ കേസിൽ ജില്ലാ ജയിലിൽ റിമാൻഡിലായിരുന്ന സമയത്ത് പെരിന്തൽമണ്ണ പൊലീസ് ഫോർമൽ അറസ്‌റ്റിന് കോടതി മുൻപാകെ അപേക്ഷ നൽകിയിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞ് പ്രതി പുറത്തിറങ്ങിയതോടെ തിരുവനന്തപുരത്തെ ഭാര്യയുടെവീട്ടിൽ നിന്നാണ് പ്രതിയെ കഴിഞ്ഞ ദിവസം കസ്‌റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. മോഷ്‌ടിച്ച മാലയുടെ ഒരു പവനോളം വരുന്ന ഭാഗം പ്രതി അങ്ങാടിപ്പുറത്തെ ജ്വല്ലറിയിൽ 50000 രൂപയ്‌ക്ക് വിൽപന നടത്തിയതായി പൊലീസ് പറഞ്ഞു. മാലയുടെ അവശേഷിച്ച ഭാഗം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരൻ, എസ്ഐ പി.പി.ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം. 
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *