
Perinthalmanna Radio
Date: 24-08-2024
പെരിന്തൽമണ്ണ : താലൂക്കിലെ ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ റൂട്ടുകൾ നിർദേശിച്ച് മോട്ടോർവാഹന വകുപ്പ് സംഘടിപ്പിച്ച ജനകീയസദസ്സ്. പുതിയ റൂട്ട് രൂപവത്കരണവുമായി ബന്ധപ്പെട്ട് 60 നിവേദനങ്ങളാണ് ആകെ ലഭിച്ചത്. ഇതിൽ ഇരുപതിലേറെ പുതിയ റൂട്ടുകളാണ് തദ്ദേശസ്ഥാപന മേധാവികളും പൊതുജനങ്ങളും വ്യക്തികളും സംഘടനകളും കൂട്ടായ്മകളും സമർപ്പിച്ചത്.
ഇവ സൂക്ഷ്മമായി പരിശോധിച്ച് സ്കെച്ച് ഉൾപ്പെടെയുള്ളവയും പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ അംഗീകാരവും വാങ്ങി സർക്കാരിലേക്ക് സമർപ്പിക്കും. പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിലൂടെ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാകുമെന്ന് ജനകീയസദസ്സ് ഉദ്ഘാടനംചെയ്ത നജീബ് കാന്തപുരം എം.എൽ.എ. പറഞ്ഞു. ഗ്രാമീണമേഖലകളിലെ റൂട്ടുകൾ പ്രധാന പാതകളുമായി ബന്ധിപ്പിക്കുന്നത് പൊതുജനത്തിന് കൂടുതൽ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമുള്ള റൂട്ടുകൾ കണ്ടെത്തുകയും പ്രായോഗികമായി അത് നടപ്പാക്കുകയും ചെയ്യണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മഞ്ഞളാംകുഴി അലി എം.എൽ.എ. പറഞ്ഞു. തുടങ്ങുന്ന റൂട്ടുകൾ വേഗംതന്നെ ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈനായും പുതിയ റൂട്ടുകൾ സമർപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു. ഇവ സൂക്ഷ്മമായി പരിശോധിച്ചശേഷം സെപ്റ്റംബർ ഒന്നിനകം സർക്കാരിനു സമർപ്പിക്കുമെന്ന് മലപ്പുറം ആർ.ടി.ഒ. പി.എ. നസീർ അറിയിച്ചു. പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷതവഹിച്ചു. പെരിന്തൽമണ്ണ ജോയിന്റ് ആർ.ടി.ഒ. എം. രമേശ് വിഷയാവതരണം നടത്തി. പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, മങ്കട ബ്ലോക്ക് പ്രസിഡന്റ് ടി. അബ്ദുൾകരീം, പഞ്ചായത്ത് പ്രസിഡന്റുമാരായ സി. സുകുമാരൻ, പി. സൗമ്യ, സി.എം. മുസ്തഫ, രശ്മി ശശികുമാർ, മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു. പെരിന്തൽമണ്ണ എസ്.എച്ച്.ഒ. സുമേഷ് സുധാകരൻ, നഗരസഭ, പഞ്ചായത്ത് അംഗങ്ങൾ, കെ.എസ്.ആർ.ടി.സി., പൊതുമരാമത്തുവകുപ്പ് പ്രതിനിധികൾ, സ്വകാര്യബസ് ഉടമ സംഘം ഭാരവാഹികൾ, തൊഴിലാളിസംഘടനാ പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് സദസ്സ് സംഘടിപ്പിച്ചത്.
തദ്ദേശസ്ഥാപന മേധാവികൾ നൽകിയ റൂട്ട് നിർദേശങ്ങൾ
1. മഞ്ചേരി- തിരൂർക്കാട്- നാറാണത്ത്- പടപ്പറമ്പ്- കാടാമ്പുഴക്ഷേത്രം, മഞ്ചേരി- തിരൂർക്കാട്- ജെംസ് കോളേജ്- പുഴക്കാട്ടിരി- എം.ഇ.എസ്. മെഡിക്കൽ കോളേജ്- പെരിന്തൽമണ്ണ, മലപ്പുറം- മക്കരപ്പറമ്പ്- കോഴിക്കോട്ടുപറമ്പ്.
2. കീഴാറ്റൂർ- മേലാറ്റൂർ- അരിക്കണ്ടംപാക്ക്-മേലാറ്റൂർ.
3. ഓരാടംപാലം- വഴിപ്പാറ, പെരിന്തൽമണ്ണ- വലമ്പൂർ- അങ്ങാടിപ്പുറം.
4. പെരിന്തൽമണ്ണ- കരിങ്കല്ലത്താണി-വെട്ടത്തൂർ- കാര്യാവട്ടം- പെരിന്തൽമണ്ണ.
5. രാമപുരം- പുഴക്കാട്ടിരി- പുത്തനങ്ങാടി- എം.ഇ.എസ്. മെഡിക്കൽ കോളേജ്, മലപ്പുറം- രാമപുരം- പുഴക്കാട്ടിരി- പുത്തനങ്ങാടി, മലപ്പുറം- രാമപുരം- കടുകപ്പുറം- പടപ്പറമ്പ്- കോട്ടയ്ക്കൽ.
6. പെരിന്തൽമണ്ണ- ചെറുകര- എലംകുളം- മുതുകുർശി- മാവുണ്ടിരിക്കടവ്-നെല്ലായ- ചെർപ്പുളശ്ശേരി, പെരിന്തൽമണ്ണ- ഏലംകുളം- മാട്ടായക്ഷേത്രം.
7. പുലാമന്തോൾ- കൊളത്തൂർ- പടപ്പറമ്പ്- മലപ്പുറം- മഞ്ചേരി, പുലാമന്തോൾ- ഓണപ്പുട- എം.ഇ.എസ്. മെഡിക്കൽ കോളേജ്- അങ്ങാടിപ്പുറം- മലപ്പുറം.
8. പെരിന്തൽമണ്ണ- അങ്ങാടിപ്പുറം- ഓരാടംപാലം- ചെരക്കാപറമ്പ്.
9. പെരിന്തൽമണ്ണ- പട്ടിക്കാട്- ശാന്തപുരം- വലമ്പൂർ- പെരിന്തൽമണ്ണ, മേലാറ്റൂർ- ചെമ്മന്തട്ട- പാണ്ടിക്കാട്. പെരിന്തൽമണ്ണ- ആക്കപ്പറമ്പ്- കീഴാറ്റൂർ-മേലാറ്റൂർ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
