
Perinthalmanna Radio
Date: 24-08-2025
മണ്ണാർമല: മണ്ണാർമലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെയോടെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലാണ് പുലിയുടെ ചലനം വ്യക്തമായത്. ആടിനെ വെച്ച കെണിയിലേക്ക് നോക്കാതെ അതേ സ്ഥലത്ത് ഇന്ന് പുലി വീണ്ടും പ്രത്യക്ഷപ്പെട്ടു. പുലർച്ചെ 3:36ന് റോഡിന്റെ ഭാഗത്തേക്ക് ഇറങ്ങി വരുന്നതും, 3:44ന് തിരികെ കയറി പോകുന്നതും, പിന്നെ 3:50ന് വീണ്ടും താഴോട്ട് ഇറങ്ങുന്നതുമായ മൂന്ന് ദൃശ്യങ്ങളാണ് ഇന്ന് നിരീക്ഷണ ക്യാമറയിൽ പതിഞ്ഞത്.
മണ്ണാർമലയിൽ കഴിഞ്ഞ ആറു മാസത്തിനിടെ പലതവണ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ കഴിഞ്ഞ പ്രാവശ്യം പതിഞ്ഞ ദൃശ്യങ്ങളിൽ പെൺപുലിയെന്ന് സംശയമുണ്ട്. ഇതോടെ പ്രദേശത്ത് ഒന്നിലധികം പുലികൾ സഞ്ചരിക്കുന്നുവെന്ന ആശങ്കയും ശക്തമാണ്.
മണ്ണാർമലയിൽ പുലിയുടെ സാന്നിധ്യം ശക്തമായി തുടരുമ്പോഴും അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് നടപടിയെടുക്കണമെന്ന് നാട്ടുകാരുടെ ആവശ്യം. എന്നാൽ, മന്ത്രിക്കും, കളക്ടർക്കും, DFO-ക്കും പലവട്ടം കത്തുകൾ നൽകിയിട്ടും വനം വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നതാണ് നാട്ടുകാരുടെ ആരോപണം.
മുൻപ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ എന്നിവർ കളക്ടർക്കും DFO-ക്കും നൽകിയ കത്തിൽ “കെണി സ്ഥാപിക്കൽ മാത്രമാവാതെ, അപകടം വരുന്നതിന് മുൻപ് കൂടുതൽ ധൗത്യ സംഘത്തെ അയച്ചു പരിശോധന നടത്തി, പുലിയെ പിടി കൂടാനുള്ള നടപടികൾ സ്വീകരിക്കണം” എന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ഇതിന് മുമ്പ് വനം വകുപ്പ് മന്ത്രിക്കും നൽകിയ കത്തിൽ ഇതേ കാര്യങ്ങൾ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.എന്നാൽ, ഇതുവരെ ആവശ്യമായ നടപടികൾ നടന്നിട്ടില്ലെന്നത് നാട്ടുകാർ ഗുരുതരമായി വിമർശിക്കുന്നു. പ്രദേശത്ത് നിരന്തരമായി പതിയുന്ന CCTV ദൃശ്യങ്ങളും, പട്ടിക്കാട് മേഖലയിൽ യുവാവിന് പരിക്കേൽക്കാൻ ഇടയായ സംഭവവും നാട്ടുകാരുടെ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
