നിലമ്പൂർ– ഷൊർണൂർ മെമുവിന്റെ സമയമാറ്റം യാത്രക്കാർക്ക് ആശ്വാസം

Share to


Perinthalmanna Radio
Date: 24-09-2025

പെരിന്തൽമണ്ണ: പുലർച്ചെയുള്ള നിലമ്പൂർ- ഷൊർണൂർ മെമുവിന്റെ സമയമാറ്റം വഴി ഷൊർണൂരിൽ നിന്നുള്ള എറണാകുളം മെമു സർവീസിന് കണക്‌ഷൻ ഉറപ്പാക്കാൻ ഷൊർണൂരിലെ പ്ലാറ്റ്ഫോമിലും ക്രമീകരണം. 4.30ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന എറണാകുളം മെമു സർവീസ് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് സാധാരണ പുറപ്പെടുന്നത്. തലേന്ന് രാത്രി കണ്ണൂരിൽ നിന്നെത്തുന്ന മെമു സർവീസാണ് എറണാകുളത്തേക്കു പോകുന്നത്. യാത്രക്കാർക്ക് സൗകര്യത്തിനായി നിലമ്പൂരിൽ നിന്നെത്തുന്ന മെമു ഇന്നു മുതൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ക്രമീകരിക്കുമെന്നാണ് അറിവ്. രണ്ടു ട്രെയിനുകളും തൊട്ടടുത്ത പ്ലാറ്റ്ഫോമുകളിലെത്തുന്നത് യാത്രക്കാർക്ക് ആശ്വാസമാവും.

നിമിഷങ്ങളുടെ വ്യത്യാസമേ ഉള്ളൂ എന്നതിനാൽ പെട്ടെന്ന് മാറിക്കയറൽ എളുപ്പമാകും. ഇന്നുമുതൽ നിലമ്പൂരിൽനിന്നു പുലർച്ചെ 3.10ന് ആണു മെമു സർവീസ് പുറപ്പെടുക. ഈ ട്രെയിൻ 3.22ന് വാണിയമ്പലത്തും 3.45ന് അങ്ങാടിപ്പുറത്തും 4.20ന് ഷൊർണൂരിലും എത്തും.

രാത്രിയിലെ ഷൊർണൂർ–നിലമ്പൂർ മെമുവിന്റെ സമയത്തിൽ കൂടി അൽപം മാറ്റം വരുത്തിയാൽ നിലമ്പൂർ റൂട്ടിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാകും. രാത്രി 8.35ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന മെമു ട്രെയിൻ 9.15ന് എങ്കിലും ആക്കിയാൽ ജനശതാബ്ദി, യശ്വന്ത്പുര, രാജധാനി, മരുസാഗർ, തിരുവനന്തപുരം മംഗളൂരു, വന്ദേഭാരത് എക്സ്പ്രസ് എന്നിവയ്ക്കെല്ലാം കണക്‌ഷൻ ഉറപ്പാക്കാം. ദൂരെദിക്കുകളിൽനിന്ന് ഈ ട്രെയിനുകളിൽ രാത്രി വന്നിറങ്ങുന്ന യാത്രക്കാർക്കു നിലമ്പൂർ ഭാഗത്തേക്ക് രാജ്യറാണിക്ക് അങ്ങാടിപ്പുറത്ത് ക്രോസിങ് നൽകാനും സാധിക്കും. പുലർച്ചെ നിലമ്പൂരിൽ നിന്നുള്ള മെമു സർവീസിന് അധികം വൈകാതെ തുവ്വൂരിൽ കൂടി സ്റ്റോപ് അനുവദിക്കുമെന്നാണ് അറിവ്. ഇവിടെ പ്ലാറ്റ്ഫോം നീളം കൂട്ടുന്ന പ്രവൃത്തി നടന്നു കൊണ്ടിരിക്കുകയാണ്.
……………………………………..
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *