
Perinthalmanna Radio
Date: 24-09-2025
ബെവ്കോ വില്പനശാലകളിൽ തിരികെ ലഭിച്ചത് 1,33,417 പ്ലാസ്റ്റിക് മദ്യക്കുപ്പികൾ. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിന്റെ ഭാഗമായി രണ്ടാഴ്ച മുൻപാണ് പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചെടുക്കാൻ ബെവ്‌കോ തുടങ്ങിയത്. ഇവ തിരിച്ചുനൽകുന്ന ഉപഭോക്താക്കൾക്ക് 20 രൂപ വീതം ലഭിക്കുന്ന പദ്ധതി തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 വീതം ബെവ്കോ വില്പനശാലകളിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കിയത്.
തിരുവനന്തപുരത്ത് 74,448 (1640 കിലോഗ്രാം) എണ്ണവും കണ്ണൂരിൽ 58,969 (1475.70) എണ്ണവുമാണ് തിരികെ ലഭിച്ചത്. 3,097 കിലോഗ്രാം പ്ലാസ്റ്റിക് കുപ്പികൾ രണ്ടു ജില്ലകളിൽനിന്നായി ക്ലീൻ കേരള കമ്പനി ഏറ്റെടുത്തു.
വില്പനശാലകളിൽനിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികളിൽ പ്രത്യേക ക്യൂആർ കോഡ് പതിപ്പിക്കും. മദ്യവിലയ്ക്കുപുറമേ 20 രൂപ ഡിപ്പോസിറ്റ് തുകയായി ഈടാക്കുകയും അതിനുള്ള പ്രത്യേക രസീത് നൽകുകയും ചെയ്യും. ഉപയോഗശേഷം മദ്യക്കുപ്പി പ്രത്യേക കൗണ്ടറിൽ നൽകുമ്പോൾ 20 രൂപ തിരികെ നൽകുന്നതാണ് പദ്ധതി. കുപ്പിയിൽ ക്യൂആർ കോഡ് സ്റ്റിക്കർ ഉണ്ടായിരിക്കണം. ഇങ്ങനെ ശേഖരിക്കുന്നവ ക്ലീൻ കേരള കമ്പനിയാണ് ഏറ്റെടുക്കുന്നത്.
തിരുവനന്തപുരത്തെ നെട്ടയം മുക്കോല ബെവ്‌കോ ഔട്‌ലെറ്റിൽനിന്നാണ് ക്ലീൻ കേരള കമ്പനി ആദ്യഘട്ടശേഖരണം തുടങ്ങിയത്. ഔട്ട്‌ലെറ്റ് മാനേജർ ജോൺ ദേവരാജ് ആദ്യ ലോഡിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ബി.കെ. കൃഷ്ണ സമ്പത്ത്, സെക്ടർ കോഡിനേറ്റർ വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
