മാലാപറമ്പ് കൊലപാതകക്കേസ് സിബിഐ അന്വേഷിക്കാൻ ഉത്തരവ്

Share to


Perinthalmanna Radio
Date: 24-11-2025

പെരിന്തൽമണ്ണ : അങ്ങാടിപ്പുറം മാലാപറമ്പിലെ റബ്ബർതോട്ടത്തിൽ 21 വർഷം മുൻപ് സ്ത്രീയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ കേസും സാക്ഷിയായിരുന്ന രവീന്ദ്രന്റെ തിരോധാനവും സിബിഐ അന്വേഷിക്കും. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് കുറ്റപത്രംപോലും നൽകാത്തതിനെതിരേ ആന്റി ബ്ലേഡ് ആക്‌ഷൻ ഫോറം സെക്രട്ടറി പി. അബ്ദു നൽകിയ ഹർജിയിൽ ഹൈക്കോടതി ജസ്റ്റിസ് ജി. ഗിരീഷ് ആണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

19 വർഷം പരിയാപുരത്ത് താമസിച്ചിരുന്ന, കൊല്ലപ്പെട്ട കാസർകോട് സ്വദേശിനിയുടെ പേരുപോലും കണ്ടെത്താൻ ശ്രമിക്കാതിരുന്ന പോലീസ് നടപടി ദുരൂഹമാണെന്നും രവീന്ദ്രനെ കേസ് അട്ടിമറിക്കാനായി ചിലർ കൊലപ്പെടുത്തിയതാണെന്നും പരാതിക്കാരനായ അബ്ദു ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. 2009-ൽ അന്വേഷണം പോലീസ് അവസാനിപ്പിച്ചിരുന്നതാണെന്നും തന്റെ പരാതിയെത്തുടർന്ന് അന്വേഷണം ത്വരപ്പെടുത്താൻ 2022-ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെന്നും രണ്ടരവർഷമായിട്ടും എവിടെയുമെത്താത്ത സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചതെന്നും പി. അബ്ദു പറഞ്ഞു.

കേസിൽ തന്റെ ജീപ്പ് ഉൾപ്പെടെ കസ്റ്റഡിയിലെടുത്തിരുന്നെന്നും യഥാർഥ പ്രതികളെ രക്ഷിക്കാൻ തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയിരുന്നതായും അതിനാലാണ് നിയമപോരാട്ടവുമായി മുന്നോട്ടുപോയതെന്നും പറഞ്ഞു. കേസ് സിബിഐയ്ക്ക് വിട്ട വിധിയിൽ സന്തോഷമുണ്ടെന്നും അബ്ദു പറഞ്ഞു. കൊലപാതകം നടന്ന 2004 മുതൽ കേസ് അന്വേഷണത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട അബ്ദു നിയമപോരാട്ടത്തിന്റെ വഴിയിലായിരുന്നു.

പെരിന്തൽമണ്ണയിൽ ലോറി ഡ്രൈവറായിരുന്ന അബ്ദു പിന്നീട് സിഐടിയു ലോറിത്തൊഴിലാളി യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗവും സിപിഎം ഏരിയാകമ്മിറ്റി അംഗവുമായിരുന്നു. പിന്നീട്ട് പാർട്ടി വിട്ടു. ആന്റി ബ്ലെയ്ഡ് ആക്‌ഷൻ ഫോറത്തിന്റെ പ്രവർത്തനങ്ങളുമായി സജീവമായി. അബ്ദുവിന്റെ ജീപ്പിലാണ് മൃതദേഹം റബ്ബർതോട്ടത്തിൽ കൊണ്ടിട്ടതെന്നുപറഞ്ഞ് പോലീസ് ഫൊറൻസിക് പരിശോധന നടത്തിയപ്പോൾ നെഗറ്റീവായിരുന്നു ഫലം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *