അഞ്ച്, എട്ട് ക്ലാസുകളിൽ ഇനി ഓൾ പാസ്‌ ഇല്ല; നിലപാട് കടുപ്പിച്ച് കേന്ദ്രം 

Share to

Perinthalmanna Radio
Date: 24-12-2024

ന്യൂഡൽഹി: അഞ്ച്, എട്ട് ക്ലാസുകളിൽ ഇനി ഓൾ പാസ്‌ ഇല്ല. ഓൾ പാസ് നയം ഈ ക്ലാസുകൾക്ക് ഇനിമുതൽ നടപ്പാക്കേണ്ടതില്ലെന്ന് നിർദേശിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വിജ്ഞാപനമിറക്കി.

2019-ൽ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശനിയമത്തിലെ ഭേദഗതി വഴി 16 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടെ ഈ നിർദേശം നടപ്പാക്കിയിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള മറ്റുസംസ്ഥാനങ്ങൾ ഈ നയം നടപ്പാക്കിയിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭേദഗതി കർശനമാക്കി വിജ്ഞാപനമിറക്കിയത്.

കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സൈനിക് സ്കൂളുകൾ എന്നിങ്ങനെ കേന്ദ്രസർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന 3000-ത്തിലധികം സ്കൂളുകൾക്ക് നിർദേശം നടപ്പിലാക്കും. അതത് സംസ്ഥാനസർക്കാരുകൾക്ക് ഈ വിഷയത്തിൽ തീരുമാനമെടുക്കാമെങ്കിലും നിബന്ധന കർശനമാക്കിയേക്കും.

15 വയസ്സിൽ താഴെയുള്ള എല്ലാകുട്ടികൾക്കും സൗജന്യ ഔപചാരികവിദ്യാഭ്യാസം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസവകാശ നിയമത്തിൽ കേന്ദ്രം ഭേദഗതിവരുത്തിയത്.

വാർഷികപരീക്ഷകൾക്കുശേഷം അടുത്ത ക്ലാസിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ മാർക്ക് നേടുന്നതിൽ അഞ്ച്, എട്ട് ക്ലാസുകളിലുള്ള വിദ്യാർഥികൾ പരാജയപ്പെട്ടാൽ ഫലം പ്രഖ്യാപിച്ച് രണ്ടുമാസത്തിനകം വീണ്ടും പരീക്ഷനടത്തണം. ഇതിലും മിനിമം മാർക്ക് നേടുന്നതിൽ പരാജയപ്പെട്ടാൽ വീണ്ടും ഒരു വർഷത്തേക്ക്‌ അഞ്ചാംക്ലാസിലോ എട്ടാംക്ലാസിലോ വിദ്യാർഥികളെ പഠിപ്പിക്കേണ്ടതാണ്.

എന്നാൽ, പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കുന്നതുവരെ ഒരു കുട്ടിയെയും സ്കൂളിൽനിന്ന്‌ പുറത്താക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി.

കേന്ദ്രസർക്കാർ തീരുമാനത്തിനെതിരേ കേരളം നേരത്തേ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഒന്നുമുതൽ ഒൻപതുവരെ ക്ലാസുകളിലെ അർധവാർഷിക മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണപരിപാടി വിദ്യാലയങ്ങളിൽ നടപ്പാക്കുന്നതുസംബന്ധിച്ച് കേരള പൊതുവിദ്യാഭ്യാസ ഡയറക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പ്രധാനാധ്യാപകർക്കും അടുത്തിടെ നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *