
Perinthalmanna Radio
Date: 24-12-2024
പെരിന്തൽമണ്ണ: യാത്രക്കാരെ തട്ടിയും തലോടിയും ഷൊർണൂർ–നിലമ്പൂർ പാതയിലെ ട്രെയിനുകളിൽ റെയിൽവേയുടെ സമയമാറ്റം വരുന്നു. റെയിൽവേയുടെ അംഗീകൃത സംവിധാനമായ നാഷനൽ ട്രെയിൻ എൻക്വയറി സിസ്‌റ്റം (എൻടിഇഎസ്) ആപ്പിൽ പുതിയ സമയമാറ്റവും ഉൾപ്പെടുത്തി. ആപ്പിൽ വരുത്തിയ മാറ്റങ്ങൾ പരിഗണിച്ചാൽ സമയമാറ്റം വലിയ തോതിൽ ഗുണകരമല്ലെന്നാണു വിലയിരുത്തൽ. പാതയിലെ പാസഞ്ചർ ട്രെയിനുകളുടെ നമ്പറുകളിൽ ജനുവരി ഒന്നു മുതൽ മാറ്റം വരുത്തിയിട്ടുണ്ട്. എൻടിഇഎസ് ആപ്പിൽ പുതിയ നമ്പറുകൾക്കൊപ്പമാണു പുതിയ സമയം രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡ് കാലത്തു സ്‌പെഷൽ ട്രെയിനുകളാക്കിയപ്പോൾ നമ്പർ മാറ്റിയിരുന്നു. ഇവയാണു വീണ്ടും റഗുലർ ട്രെയിനുകളുടെ നമ്പറുകളിലേക്കു മാറുന്നത്.
രാവിലെ ഷൊർണൂരിൽനിന്നു നിലമ്പൂരിലേക്കെത്തുന്ന രാജ്യറാണി എക്സ്‌പ്രസ് ട്രെയിനിന്റെ സമയത്തിൽ എൻടിഇഎസിൽ മാറ്റം കാണിച്ചിട്ടില്ല. പുലർച്ചെ 3.50നു ഷൊർണൂരിൽനിന്നു പുറപ്പെട്ട് 6.05നു നിലമ്പൂരിലെത്തും. പാലക്കാട്–നിലമ്പൂർ ട്രെയിൻ 7.05നു ഷൊർണൂരിൽനിന്നു പുറപ്പെട്ട് 8.45നു നിലമ്പൂരിലെത്തും. മുൻപ് 8.50നാണ് എത്തിയിരുന്നത്. കോട്ടയം–നിലമ്പൂർ എക്‌സ്പ്രസ് ട്രെയിനിനു സമയമാറ്റമില്ല. 10.20നു പുറപ്പെട്ട് 11.45നു നിലമ്പൂരിലെത്തും. അതിനു മുൻപ് 9നുള്ള ഷൊർണൂർ–നിലമ്പൂർ ട്രെയിനിനും സമയമാറ്റമില്ല. 2.05നുള്ള ഷൊർണൂർ–നിലമ്പൂർ ട്രെയിൻ 2.20നാണു ഷൊർണൂരിൽനിന്നെടുക്കുക. ഇത് 3.50നാണു നിലമ്പൂരിലെത്തുക.
കോയമ്പത്തൂരിൽനിന്നുള്ള മെമു സർവീസിന് കണക്‌ഷൻ കിട്ടാൻ ഇതുവഴി സാധ്യതയുണ്ട്. രാത്രി 8.10നു ഷൊർണൂരിൽനിന്നെടുക്കുന്ന ട്രെയിൻ പുറപ്പെടുന്ന സമയം 5 മിനിറ്റ് ദീർഘിപ്പിച്ച് 8.15ന് ആക്കി. ഇതുവഴി എക്‌സിക്യൂട്ടീവിനു കണക്‌ഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയേറി. രാത്രിയാത്രക്കാരുടെ പ്രശ്‌നങ്ങൾക്ക് അൽപം ആശ്വാസം ഇതുവഴി ലഭിച്ചേക്കും. മാത്രമല്ല എറണാകുളം–ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്കു നീട്ടുന്ന കാര്യം പരിഗണിക്കുന്നതായി കഴിഞ്ഞ ദിവസം പാത സന്ദർശിച്ച പാലക്കാട് റെയിൽവേ എഡിആർഎം എസ്.ജയകൃഷ്‌ണൻ വ്യക്തമാക്കിയത് ആശ്വാസം പകരുന്നതാണ്. വൈകിട്ട് 5.55നു ഷൊർണൂരിൽനിന്നു പുറപ്പെടുന്ന ട്രെയിൻ 6ന് ആക്കി. 5 മിനിറ്റ് സമയം ദീർഘിപ്പിച്ചതോടെ മെമു സർവീസിനുവന്നു വള്ളത്തോൾ നഗറിൽ ഇറങ്ങി ബസ് കയറി ഷൊർണൂരിലെത്തുന്നവർക്ക് ഉപകാരപ്പെടും.
നിലമ്പൂരിൽനിന്നു രാവിലെ ആദ്യം പുറപ്പെടുന്ന 5.30ന്റെ ട്രെയിൻ 7.10നു ഷൊർണൂരിലെത്തിയിരുന്നത് 7.05ന് ആക്കി. പാതയിൽ വേഗം വർധിപ്പിച്ചതു കൊണ്ടാണ് ഈ മാറ്റം. 9.55നു നിലമ്പൂരിൽനിന്നു പുറപ്പെട്ടിരുന്ന ട്രെയിൻ 10.10ന് ആക്കിയതു ദുരിതമായി. ഈ സമയം പിന്നോട്ടാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ജോലിക്കാർക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കുമൊന്നും ഒരു വിധത്തിലും സമയമാറ്റം ഉപകാരപ്രദമല്ല. മുൻപ് ഈ ട്രെയിൻ 9.40നു പുറപ്പെട്ടിരുന്നതിനാൽ ഷൊർണൂരിൽ പരശുറാം എക്സ്പ്രസിന് കണക്‌ഷൻ ലഭിച്ചിരുന്നു. എൻടിഇഎസിലെ സമയമാണു പ്രാബല്യത്തിലാകുന്നതെങ്കിൽ ഈ കണക്‌ഷൻ ട്രെയിനിനു സാധ്യതയേയില്ല. നിലമ്പൂരിൽനിന്നു രാത്രി 8നു പുറപ്പെട്ടിരുന്ന ട്രെയിനിന്റെ സമയം 8.05ന് ആക്കി. അതിൽ 5 മിനിറ്റ് മുന്നോട്ടാക്കിയത് ഉപദ്രവകരമായി. എന്നാൽ ഷൊർണൂരിൽനിന്നുള്ള രാത്രികാല ട്രെയിനിന്റെ സമയം 8.15 ആക്കിയതിന് അനുസൃതമായാണ് ഈ സമയമാറ്റം. രാവിലെ 7ന് ഷൊർണൂരിൽ നിന്നെടുക്കുന്ന ട്രെയിനിനു പഴയ സമയം തന്നെ. ഇത് നേരത്തേയാക്കിയിരുന്നെങ്കിൽ കോയമ്പത്തൂരിലേക്ക് 8.20നു പോകുന്ന ട്രെയിനിന് കണക്‌ഷൻ നൽകാമായിരുന്നു. അതേസമയം റെയിൽവേയുടെ പുതിയ ടൈംടേബിൾ പ്രാബല്യത്തിലായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
എൻടിഇഎസ് ആപ്പിൽ രേഖപ്പെടുത്തിയ സമയമാറ്റവും റെയിൽവേ ടൈംടേബിളും ഒന്നാകുമെന്ന കാര്യത്തിൽ ഉറപ്പില്ലത്രേ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
