രാജ്യത്തിന്റെ ആദരം; മമ്മൂട്ടിക്ക് പത്മഭൂഷൺ, വി.എസ് അച്യുതാനന്ദന് പത്മവിഭൂഷൺ

Share to


Perinthalmanna Radio
Date: 25-01-2026

ന്യൂഡൽഹി: എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ പരമോന്നത പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് ചരിത്രനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും പ്രമുഖ നിയമജ്ഞനും സുപ്രിം കോടതി മുൻ ജസ്റ്റിസ് കെ.ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. കല, പൊതുപ്രവർത്തനം, നിയമം എന്നീ മേഖലകളിൽ ഇവർ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ആദരം. 131 പേരാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 113 പേർ ഈ വർഷത്തെ പത്മശ്രീ പുരസ്കാരത്തിനും അർഹരായി.

കേരളത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വങ്ങൾക്കുള്ള ഈ അംഗീകാരം മലയാളക്കരയ്ക്ക് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. വി.എസിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പോരാട്ടങ്ങളും, ജസ്റ്റിസ് കെ.ടി തോമസിന്റെ നിയമരംഗത്തെ വിപ്ലവകരമായ നിരീക്ഷണങ്ങളും, മമ്മൂട്ടിയുടെ നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതവും സാമൂഹിക രംഗത്തെ പ്രവർത്തനങ്ങളും പുരസ്കാര നിർണ്ണയത്തിൽ നിർണ്ണായകമായി.

മലയാളികളായ എ.ഇ. മുത്തുനായകം, പ്രശസ്ത നർത്തകി കലാമണ്ഡലം വിമല മേനോൻ, ജി. ദേവകി അമ്മ എന്നിവർ പത്മശ്രീ പട്ടികയിൽ ഇടംപിടിച്ചു. കായിക രംഗത്തുനിന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ, വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗർ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *