
Perinthalmanna Radio
Date: 25-02-2024
അങ്ങാടിപ്പുറം ∙ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം നാളെ (26 ന്) നടക്കും. ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഉച്ചയ്‌ക്ക് 12.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നടത്തുന്ന പ്രവൃത്തി ഉദ്ഘാടന ചടങ്ങ് വീക്ഷിക്കുന്നതിന് വിപുലമായ പന്തലും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഇവിടെ രാവിലെ 10.30 മുതൽ വിവിധ കലാ പരിപാടികൾ അരങ്ങേറും.
ഇതിനകം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളായ 84 പേർക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. അഷ്‌ടപദിയുടെ അകമ്പടിയോടെയാണ് ഭദ്രദീപം തെളിയിക്കുക. അങ്ങാടിപ്പുറത്തെ ഉദ്ഘാടന ചടങ്ങിന് റെയിൽവേ സീനിയർ ഡിഎസ്ഒ നേതൃത്വം നൽകും. ഉദ്ഘാടന ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് നേതൃത്വം നൽകുന്ന പാലക്കാട് ഡിവിഷൻ ചീഫ് വെൽഫെയർ ഇൻസ്‌പെക്‌ടർ കെ.എസ്.ശ്രീകുമാർ പറഞ്ഞു. അമൃത് ഭാരത് പദ്ധതിയിൽ വിപുലമായ വികസന പ്രവൃത്തികളാണ് നടപ്പാക്കാനുള്ളത്. 2 വർഷം കൊണ്ടാണ് പ്രവൃത്തികൾ പൂർത്തിയാക്കേണ്ടത്. ഇവിടെ ചില പ്രവൃത്തികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. നിർമാണ പ്രവൃത്തികൾക്ക് റെയിൽവേയുടെ 24 മണിക്കൂർ നിരീക്ഷണ സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
