ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം അന്തിമഘട്ടത്തിൽ

Share to

Perinthalmanna Radio
Date: 25-02-2025

പെരിന്തൽമണ്ണ∙ ജില്ലയിൽ അമൃത് ഭാരത് സ്‌റ്റേഷൻ നവീകരണ പദ്ധതികൾ അവസാന ഘട്ടത്തിൽ. ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിലെ അങ്ങാടിപ്പുറത്തും നിലമ്പൂരിലും പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിലെ ജോലികൾ 80 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇവിടെ പ്ലാറ്റ്‌ഫോം നവീകരണം, പാർക്കിങ്, അപ്രോച്ച് റോഡ്, വൈദ്യുതീകരണം ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായി. മാർച്ചോടെ മറ്റു പ്രവൃത്തികളും പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 13.759 കോടി രൂപയുടെ വിവിധ നവീകരണ ജോലികളാണ് ഇവിടെ നടക്കുന്നത്. നിലമ്പൂരിൽ 8.029 കോടി രൂപയുടെ പദ്ധതികളിൽ 85 ശതമാനമാണ് പൂർത്തിയായത്. രണ്ടാം എൻട്രിയിൽ ബുക്കിങ് ഓഫിസ്, പ്ലാറ്റ്ഫോമുകളുടെ മേൽക്കൂര, രണ്ടാം പ്ലാറ്റ്ഫോം നീളം കൂട്ടൽ, വാഹന പാർക്കിങ്, വൈദ്യുതീകരണം തുടങ്ങിയവയാണ് ഏറക്കുറെ പൂർത്തിയായത്. ഇവിടെ ഏപ്രിൽ അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. കുറ്റിപ്പുറത്ത് നടക്കുന്ന 9.02 കോടി രൂപയുടെ പ്രവൃത്തിയിൽ 90 ശതമാനം പൂർത്തിയായി. ശേഷിച്ചവ മേയിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

പരപ്പനങ്ങാടിയിൽ 6.379 കോടി രൂപയുടെ വികസന പ്രവൃത്തികളാണ് അമൃത് ഭാരത് പദ്ധതിയിൽ നടക്കുന്നത്. 93 ശതമാനം പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. ഇവിടെ മേയ് 31ന് അകം കമ്മിഷൻ ചെയ്യാനാകുമെന്നാണു പ്രതീക്ഷ. ജില്ലയിൽ ഏറ്റവും കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന തിരൂരിൽ ഏപ്രിൽ അവസാനത്തോടെ പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇവിടെ 17.819 കോടി രൂപയുടെ നവീകരണമാണു നടക്കുന്നത്. 74 ശതമാനം പണി ഇതിനകം പൂർത്തിയായി. ഇനിയും ഒട്ടേറെ ജോലികൾ ഇവിടെ പൂർത്തീകരിക്കാനുണ്ട്.

2023 ഓഗസ്‌റ്റിലാണ് ജില്ലയിലെ സ്‌റ്റേഷനുകളിൽ ഈ പദ്ധതിപ്രകാരമുള്ള നവീകരണം തുടങ്ങിയത്. കഴിഞ്ഞ ഡിസംബർ 31ന് അകം പണി പൂർത്തീകരിക്കാനാണ് റെയിൽവേ ആദ്യം ലക്ഷ്യമിട്ടിരുന്നത്. ഇടക്കാലത്ത് ഇഴഞ്ഞുനീങ്ങിയ പ്രവൃത്തിക്ക് ഇപ്പോൾ വേഗം കൈവന്നിട്ടുണ്ട്. ഷൊർണൂർ –നിലമ്പൂർ റെയിൽവേ പാതയിൽ വിവിധ സ്‌റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്ന ജോലിയും അന്തിമ ഘട്ടത്തിലാണ്. എക്‌സ്പ്രസ് ട്രെയിനുകൾക്ക് കൂടി യോജിച്ച രീതിയിലാണ് പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടൽ. ചില സ്‌റ്റേഷനുകളിൽ ഇതിനകം പണി പൂർത്തിയായിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *