
Perinthalmanna Radio
Date: 25-02-2026
പെരിന്തൽമണ്ണ : ലക്ഷങ്ങൾ മുടക്കി പെരിന്തൽമണ്ണ നഗരസഭ വനിതകൾക്കായി നിർമിച്ച വിശ്രമകേന്ദ്രം അടച്ചുപൂട്ടിയ നിലയിൽ. പ്രവേശന കവാടത്തിൽ വനിതകൾക്കായി സജ്ജമാക്കിയ ശുചിമുറികളും പ്രവർത്തന രഹിതം. 2019 നവംബർ 30ന് അന്നത്തെ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ ആണ് വനിതാ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്‌തത്. താഴത്തെ നിലയിൽ ശുചിമുറികളും മുകളിലത്തെ നിലയിൽ വനിതകൾക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. അമ്മമാർക്ക് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനും ഇവിടെ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ആവശ്യക്കാർക്ക് ലഘുഭക്ഷണം കഴിക്കുന്നതിനും സൗകര്യമുണ്ടായിരുന്നു. എം.മുഹമ്മദ് സലീം ചെയർമാൻ ആയിരുന്നപ്പോൾ സ്ഥാപിച്ച ഈ സ്ഥിരം സംവിധാനം കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അടച്ചുപൂട്ടിയതാണ്.
നേരത്തെ ടാക്‌സി സ്‌റ്റാൻഡിനു മുൻവശത്ത് റോഡിന്റെ വടക്കു ഭാഗത്തായി ബസുകൾ നിർത്തി യാത്രക്കാരെ കയറ്റിയിരുന്നു. ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി ഇത് നിർത്തലാക്കി. നിലവിൽ പാലക്കാട് റോഡിലെ ഡിവൈഎഫ്‌ഐ ഓഫിസിന് മുൻവശത്താണ് ബസ് കാത്തിരിപ്പുകേന്ദ്രം. വനിതകൾ ഉപയോഗിക്കാത്തതു മൂലമാണ് വനിതാ വിശ്രമകേന്ദ്രം അടച്ചുപൂട്ടിയത് എന്നാണ് മുൻ നഗരസഭാ ഭാരവാഹികളുടെ വിശദീകരണം. നിലവിൽ ശുചിമുറികളും മുകളിലത്തെ നിലയിലെ വിശ്രമകേന്ദ്രവും ഉപയോഗയോഗ്യമാക്കിയാൽ പ്രയോജനപ്പെടുമെന്നാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള വനിതകളുടെ നിലപാട്. ശുചിമുറിക്ക് മുൻവശത്ത് ലഘുപാനീയങ്ങൾ വിൽപന നടത്തുന്നതാണ് ഇപ്പോൾ കാണുന്നത്. ടാക്‌സി സ്‌റ്റാൻഡിന്റെ കിഴക്കുഭാഗത്ത് പൊതു ശുചിമുറിയുണ്ട്. ഒരേസമയം 3 പേർക്ക് ഉപയോഗിക്കാം. ഇവിടേക്ക് ജല വിതരണ സംവിധാനമില്ല. ടാങ്കർ ലോറികളിൽ എത്തിക്കുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്.
പുരുഷന്മാർക്കും സ്‌ത്രീകൾക്കും പൊതുവായി ഉപയോഗിക്കാമെന്നാണ് അറിയിപ്പ്. പുരുഷന്മാർ തുടർച്ചയായി കയറിയിറങ്ങുന്നതു മൂലം ശുചിമുറി വനിതകൾ ഉപയോഗിക്കാൻ മടിക്കുന്നു. വനിതാ വിശ്രമകേന്ദ്രവും വനിതാ ശുചിമുറികളും തുറന്ന് പ്രവർത്തിക്കാനും ജലലഭ്യത ഉറപ്പാക്കാനും പുതിയ നഗരസഭ ഭരണസമിതി മുൻകയ്യെടുക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം. 6 വർഷം മുൻപ് നിർമിച്ച ടാക്സി സ്‌റ്റാൻഡും അറ്റകുറ്റപ്പണി നടത്താത്തതിനാൽ ശോച്യാവസ്ഥയിലാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
