
Perinthalmanna Radio
Date: 25-03-2024
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ദേവീ-ദേവ ചൈതന്യങ്ങൾക്ക് ഒരേസമയം നടന്ന ആറാട്ടെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രം. എട്ടാം പൂരദിവസമായ ഞായറാഴ്ച എഴുന്നള്ളിപ്പിലും ആറാട്ടിലും വൻ ഭക്തജനത്തിരക്കായിരുന്നു.
രാവിലെ പന്തീരടിപ്പൂജയ്ക്കുശേഷം മഹാദേവന്റെ തിടമ്പ് കിഴക്കെനടയിലൂടെ എഴുന്നള്ളിപ്പിനായി നാലമ്പലത്തിൽ നിന്ന് കൊട്ടിപ്പുറെപ്പട്ടു. വടക്കേനടയിലൂടെ ഭഗവതിയുടെ തിടമ്പും പുറത്തെഴുന്നള്ളിച്ചു. ഭഗവതിയുടെ തിടമ്പ് വേണാട് നീലകണ്ഠൻ എന്ന ആനയുടെ പുറത്തും മഹാദേവന്റെ തിടമ്പ് മഞ്ചേരി ശ്രീമുരുകന്റെ ശിരസ്സിലുംവെച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആറാട്ടുകടവിലേക്ക്് നീങ്ങി. ആറാട്ടുകടവിൽ പന്തലക്കോട്ടത്ത് ശ്രീനാഥ് നമ്പൂതിരി ആറാട്ടുപൂജകൾ നടത്തി.
ആറാട്ടുകൾ കഴിഞ്ഞ് പൂരം കൊട്ടിക്കയറി പഞ്ചാരിമേളത്തിനു ശേഷം ഭഗവതിയുടെ തിടമ്പ് മാതൃശാലയിലേക്ക് ആനയിച്ചു. ശിവന്റെ തിടമ്പ് 21 പ്രദക്ഷിണത്തിന് ശേഷം ഉത്സവധ്വജം ഇറക്കി ശിവന്റെ ശ്രീകോവിലിലേക്കും എഴുന്നള്ളിച്ചു. ചിറ്റേപ്പുറത്ത് ഗോപാലകൃഷ്ണൻ എന്ന ആനയുടെ പുറത്ത് തിടമ്പ് എഴുന്നള്ളിച്ചാണ് 21 പ്രദക്ഷിണം നടത്തിയത്. ഇതോടെ മഹാദേവന്റെ ഒരു ദിവസത്തെ ഉത്സവച്ചടങ്ങുകൾ പൂർത്തിയായി.
രാവിലെ അങ്ങാടിപ്പുറം ശൈലേശ്വരി സംഗീതസഭ, കർക്കടാംകുന്ന് നിർമാല്യം കൈകൊട്ടിക്കളി സംഘം എന്നിവരുടെ തിരുവാതിരക്കളിയും ഏറാന്തോട് നൂപുര നൃത്ത തിരുവാതിരക്കളി സംഘത്തിന്റെ ക്ലാസിക്കൽ തിരുവാതിരക്കളിയും നടന്നു. വൈകുന്നേരം ക്ഷേത്രാങ്കണത്തിൽ ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, നാഗസ്വരം, പാഠകം എന്നീ പതിവു പരിപാടികളുമുണ്ടായി.
സന്ധ്യക്ക് പിന്നണിഗായകൻ ഗണേഷ് സുന്ദരം അവതരിപ്പിച്ച ഭക്തിഗാനമേള നടന്നു. സോപാനം ഓഡിറ്റോറിയത്തിൽ കേരളകലാക്ഷേത്രയിലെ വിദ്യാർഥികൾളുടെ തത്വമസി നൃത്തശില്പവും അരങ്ങേറി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
